വാഷിങ്ടൺ: തങ്ങൾ കൊലപ്പെടുത്തിയ ഇറാന്‍റെ ഉന്നത സൈനിക ജനറൽ ഖാസിം സുലൈമാനി ഡൽഹിയിൽ വരെ ഭീകരാക്രമണത്തിന് പദ്ധതി യിട്ടിരുന്നെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. സുലൈമാനി നിരവധി നിരപരാധികളെ കൊന്നു, ന്യൂഡൽഹിയിലും ലണ്ടനിലും വരെ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു -ട്രംപ് പറഞ്ഞു. എന്നാൽ ഇന്ത്യയിലെ ഭീകരാക്രമണ പദ്ധതിയെക്കുറിച്ച് ട്രംപ് കൂടുതൽ വ്യക്തമാക്കിയില്ല.
സുലൈമാനിയുടെ നിരവധി അതിക്രമങ്ങളുടെ ഇരകളെ ഇന്ന് നാം ഓർമിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു, അദ്ദേഹത്തിന്‍റെ ഭീകരഭരണം അവസാനിച്ചുവെന്ന് അറിയുന്നതിൽ ആശ്വസിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.
ഭീകരരുടെ നേതാവാണ് സുലൈമാനിയെന്നും വർഷങ്ങൾക്കു മുമ്പേ കൊല്ലപ്പെടേണ്ടയാളാണെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ പ്രസ്താവന.
വെള്ളിയാഴ്ച അർധരാത്രിയാണ് ബാഗ്ദാദ് വിമാനത്താവളത്തിൽ അമേരിക്കൻ സേന ആളില്ലാ വിമാനത്തിൽ വ്യോമാക്രമണം നടത്തിയത്. സൈനിക വ്യൂഹത്തിന്റെ കാവലോടെയുള്ള യാത്രക്കിടെ ഉന്നതർ സഞ്ചരിച്ച രണ്ടു വാഹനങ്ങൾ റോക്കറ്റ് ഉപയോഗിച്ച് തകർക്കുകയായിരുന്നു. ഖാസിം സുലൈമാനി ഉൾെപ്പടെ എട്ടു പേരാണ് കൊല്ലപ്പെട്ടത്. ഇറാന് പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും കൊല്ലപ്പെട്ടിരുന്നു.
3000 സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്
സുലൈമാനി വധത്തിന്‍റെ പശ്ചാത്തലത്തിൽ 3000 സൈനികരെ കൂടി അമേരിക്ക പശ്ചിമേഷ്യയിലേക്ക് അയച്ചു. ദിവസങ്ങൾക്ക് മുമ്പ് കുവൈത്തിലെത്തിയ സേനക്കൊപ്പം പുതുതായി അയച്ച സംഘവും ചേരുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.