യൂനിവേഴ്സിറ്റികള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തികേന്ദ്രമാക്കണം –ഷി ജിന്‍പിങ്

ബെയ്ജിങ്: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കമ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കണമെന്നും യൂനിവേഴ്സിറ്റികളെ പാര്‍ട്ടിയുടെ ശക്തികേന്ദ്രമാക്കി വളര്‍ത്തണമെന്നും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെയും യൂനിവേഴ്സിറ്റി അധികൃതരുടെയും യോഗത്തിലാണ് അക്കാദമികരംഗത്തും കമ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കണമെന്ന് ജിന്‍പിങ് ആവശ്യപ്പെട്ടത്. അധ്യാപകര്‍ സര്‍ക്കാറിനെ പിന്തുണക്കുന്നവരും പാര്‍ട്ടിയുടെ ആശയപ്രചാരകരുമായിരിക്കണം. രാഷ്ട്രീയ നേതാക്കള്‍ യൂനിവേഴ്സിറ്റി അധികൃതരുമായി നിരന്തരബന്ധം പുലര്‍ത്തണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി.

വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പാര്‍ട്ടിയുടെ പോളിസികള്‍ ഉള്‍പ്പെടുത്തണമെന്നും സ്കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തില്‍തന്നെ വിദ്യാര്‍ഥികള്‍ക്കിടയില്‍ കമ്യൂണിസ്റ്റ് ആശയങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരണമെന്നും ജിന്‍പിങ് പറഞ്ഞതായി ചൈനീസ് ഒൗദ്യോഗിക വാര്‍ത്ത എജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍,  എതിര്‍ശബ്ദത്തെ ഇല്ലാതാക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ് വിദ്യാഭ്യാസരംഗത്തെ അടിച്ചേല്‍പിക്കല്‍ എന്നാണ് വിദഗ്ധ അഭിപ്രായം.
പാര്‍ട്ടിയുടെ നിയന്ത്രണത്തില്‍നിന്ന് പുറത്തുപോകുന്നുവെന്ന് ഭയപ്പെടുന്ന മാധ്യമ, വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ ശക്തമായ നടപടികള്‍ സര്‍ക്കാറില്‍നിന്ന് പ്രതീക്ഷിക്കാമെന്ന് ചൈനീസ് ലോ ആന്‍ഡ് പൊളിറ്റിക്സ് വിദഗ്ധനായ ന്യൂയോര്‍ക്കിലെ ഫോര്‍ഡാം യൂനിവേഴ്സിറ്റി പ്രഫസര്‍ കാള്‍ മിന്‍സര്‍ പറഞ്ഞു. സ്കൂളുകളും കോളജുകളും കമ്യൂണിസ്റ്റ് ഏകാധിപത്യത്തിനെതിരെ തിരിയാന്‍ സാധ്യതയുണ്ടെന്നും എതിര്‍ശബ്ദങ്ങള്‍ ഉയര്‍ന്നേക്കാമെന്നുമുള്ള സൂചനയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങളില്‍ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - China's Xi calls for universities' allegiance to the Communist Party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.