പ്യോങ്യാങ്: സുരക്ഷ ഉറപ്പുനൽകിയാൽ ആണവപരീക്ഷണങ്ങൾ നിർത്തിവെക്കുന്നത് പരിഗണിക്കാമെന്ന ഉത്തര കൊറിയൻ നിലപാടിനെ സ്വാഗതംചെയ്ത് യു.എന്നും യു.എസും. സമാധാനശ്രമങ്ങൾക്ക് ഉത്തര-ദക്ഷിണ കൊറിയകൾ തമ്മിൽ അടുത്ത മാസം തീരുമാനിച്ച ചർച്ചയെ ഉപയോഗപ്പെടുത്താൻ എല്ലാവിഭാഗവും സന്നദ്ധമാകണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടറസ് പറഞ്ഞു.
ആണവമുക്തവും സുസ്ഥിരവുമായ കൊറിയൻ ഉപഭൂഖണ്ഡത്തിനുവേണ്ടിയുള്ള പരിശ്രമങ്ങൾക്ക് പുതിയ നിലപാടുകൾ പാതയൊരുക്കുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ഉത്തരകൊറിയയിൽ സന്ദർശനം നടത്തിയ ദക്ഷിണ കൊറിയൻ സംഘത്തോടാണ് ആണവപദ്ധതികളുടെ കാര്യത്തിൽ ചർച്ചക്കുള്ള സന്നദ്ധത ഭരണാധികാരി കിം ജോങ് ഉൻ അറിയിച്ചത്. അടുത്ത മാസം ഇരുരാജ്യങ്ങളിലെയും ഉന്നതനേതൃത്വങ്ങൾ തമ്മിലുള്ള ചർച്ചക്കും സമയം തീരുമാനിച്ചിട്ടുണ്ട്.
ഉത്തര കൊറിയയുെട നിലപാട് ഗുണകരമാകുമെന്നാണ് കരുതുന്നതെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും പ്രസ്താവിച്ചു. എന്തുസംഭവിക്കുമെന്ന് കണ്ടറിയാമെന്നും ഇത് ലോകത്തിന് മഹത്തായ കാര്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര കൊറിയയുമായുള്ള ബന്ധത്തിൽ ശുഭാപ്തിക്ക് സമയമായില്ലെന്നും തുടക്കം മാത്രമേ ആയിട്ടുള്ളൂ എന്നും ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇൻ പറഞ്ഞു. യു.എസുമായി അടുത്തബന്ധം തുടരുമെന്ന് വ്യക്തമാക്കിയ അദ്ദേഹം ഉത്തര കൊറിയൻ വിഷയത്തിൽ അമേരിക്കയും ദക്ഷിണ കൊറിയയും ഒരേ നിലപാടിലായിരിക്കുമെന്നും പറഞ്ഞു.
കൊറിയൻ ഉഭയകക്ഷി ബന്ധത്തിൽ മുന്നേറ്റത്തിന് കാരണമായ പ്യോങ്യാങ് ശീതകാല ഒളിമ്പിക്സിനെ പ്രകീർത്തിച്ച് പോപ് ഫ്രാൻസിസ് മാർപാപ്പയും രംഗത്തെത്തി. സംഘർഷത്തിലുള്ള രാജ്യങ്ങൾ തമ്മിൽ സമാധാനം കൊണ്ടുവരാൻ കായിക മത്സരങ്ങൾക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.