യാംഗോൻ: മ്യാന്മറിൽ റോഹിങ്ക്യൻ വംശഹത്യ അവസാനിച്ചിട്ടില്ലെന്ന് യു.എൻ മനുഷ്യാവകാശ പ്രതിനിധി. ബംഗ്ലാദേശിൽ കഴിയുന്ന റോഹിങ്ക്യകളെ സ്വീകരിക്കാൻ മ്യാന്മർ തയാറാണെന്ന് പറയുേമ്പാഴും വംശഹത്യക്ക് വിരാമമായിട്ടില്ലെന്നാണ് യു.എൻ അസിസ്റ്റൻറ് സെക്രട്ടറി ജനറൽ കൂടിയായ ആൻഡ്രൂ ഗിൽമർ വെളിപ്പെടുത്തിയത്. ബംഗ്ലാദേശിലെ കോക്സ് ബസാർ ജില്ലയിൽ അവസാനമായി എത്തിയ റോഹിങ്ക്യൻ അഭയാർഥികളോട് സംസാരിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ഏതെങ്കിലും റോഹിങ്ക്യൻ അഭയാർഥിക്ക് ഇൗ സാഹചര്യത്തിൽ രാജ്യത്തേക്ക് മടങ്ങാൻ കഴിയുമെന്ന് കരുതാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോഹിങ്ക്യകളെ സ്വീകരിക്കാൻ സന്നദ്ധമാണെന്ന് മ്യാന്മർ ലോകത്തോട് പറഞ്ഞുകൊണ്ടിരിക്കെ തന്നെ, അവരുടെ സൈന്യം റോഹിങ്ക്യകളെ കൂട്ടക്കൊല ചെയ്യുകയാണ്. കഴിഞ്ഞ വർഷത്തേതിന് സമാനമായ ഭീകരമായ കൂട്ടക്കൊലകൾ കുറഞ്ഞെങ്കിലും നിർബന്ധിത പട്ടിണിയിലേക്ക് റോഹിങ്ക്യകളെ തള്ളിവിടുകയാണ് മ്യാന്മർ -അദ്ദേഹം പറഞ്ഞു.
ലോകത്തെ ഏറ്റവും ഭീകരമായ അടിച്ചമർത്തലുകൾക്ക് വിധേയമാകുന്ന ജനതയാണ് റോഹിങ്ക്യകൾ. പൗരത്വം പോലും നൽകാതെ പതിറ്റാണ്ടുകളായി പീഡിപ്പിക്കുന്ന ഇവർ രാജ്യത്തെ റാഖൈൻ സംസ്ഥാനത്താണ് കൂടുതലായും കഴിയുന്നത്. കഴിഞ്ഞ വർഷം സൈന്യം ആരംഭിച്ച കൂട്ടക്കൊലയിൽ നിരവധിപേർ കൊല്ലപ്പെട്ടിരുന്നു. ഇതിനകം ഏഴ് ലക്ഷത്തിലേറെ റോഹിങ്ക്യകൾ ബംഗ്ലാദേശിൽ മാത്രം അഭയം തേടിയിട്ടുണ്ട്. നൂറുകണക്കിന് റോഹിങ്ക്യൻ ഗ്രാമങ്ങൾ കൊള്ള ചെയ്ത സൈന്യം, ബുൾഡോസറുകൾ ഉപയോഗിച്ച് നശിപ്പിച്ച 55 ഗ്രാമങ്ങളുടെ സാറ്റലൈറ്റ് ചിത്രങ്ങൾ ഇൗയടുത്ത് പുറത്തു വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.