ജനീവ: കടലിൽ കുടുങ്ങിയ 500 റോഹിങ്ക്യൻ അഭയാർഥികളെ സ്വീകരിക്കണമെന്ന് ബംഗ്ലാദേശിനോട് ഐക്യരാഷ്ട്ര സംഘടന (യു.എൻ). ഇവ രുടെ രണ്ട് ബോട്ടുകൾക്ക് തീരത്ത് അടുക്കാൻ അടിയന്തരമായി അനുമതി നൽകണം. ഭക്ഷണവും കുടിവെള്ളവും ആരോഗ്യ പരിചരണവും ല ഭ്യമാക്കണമെന്നും യു.എൻ മനുഷ്യാവകാശ ഹൈക്കമീഷണർ മിഷേൽ ബച് ലറ്റ് ആവശ്യപ്പെട്ടു.
കഴിഞ്ഞയാഴ്ച രാജ്യാന്തര സമുദ്രാർത്തിയിൽ രണ്ട് ബോട്ടുകളിലായി എത്തിയ അഭയാർഥികൾ ബംഗ്ലാദേശ് തീരത്ത് ഇറങ്ങാനുള്ള ശ്രമത്തിലാണ്. എന്നാൽ, ബംഗ്ലാദേശ് നാവികസേനയും തീരദേശസേനയും ഇതുവരെ അനുമതി നൽകിയിട്ടില്ല.
വലിയ മനുഷ്യ ദുരന്തത്തിന് സാധ്യതയുണ്ട്. വിശുദ്ധ റമദാൻ മാസത്തിൽ സഹാനുമതി കാണിക്കണം. ബംഗ്ലാദേശ് തുറമുഖത്ത് ബോട്ട് അടുപ്പിക്കാൻ അനുവദിക്കണമെന്നും വിദേശകാര്യ മന്ത്രി എ.കെ അബ്ദുൽ മോമന് ഏപ്രിൽ 24ന് എഴുതിയ കത്തിൽ ആവശ്യപ്പെട്ടു.
കോവിഡിന്‍റെ പശ്ചാത്തലത്തിൽ വിദേശത്തുള്ള നിരവധി ബംഗ്ലാദേശ് പൗരന്മാർ രാജ്യത്തേക്ക് മടങ്ങുകയാണ്. അതിനാൽ, അഭയാർഥികൾക്കോ വിദേശികൾക്കോ താമസ സൗകര്യം ലഭ്യമാക്കാൻ സാധിക്കില്ല. റോഹിങ്ക്യൻ അഭയാർഥികളുടെ ഉത്തരവാദിത്തം മറ്റ് രാജ്യങ്ങൾ കൂടി ഏറ്റെടുക്കണമെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
മലേഷ്യൻ തുറമുഖത്ത് ഇറങ്ങാൻ സാധിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് ബോട്ടുകളിൽ കഴിയുന്ന റോഹിങ്ക്യൻ അഭയാർഥികൾ. 2018ൽ മ്യാൻമറിൽ നിന്ന് വംശീയാക്രമണത്തിന് ഇരയായ 10ലക്ഷം റോഹിങ്ക്യകൾ ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പുകളിൽ കഴിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.