ചിറ്റേഗാങ്: കടലിനും ചെകുത്താനുമിടയിൽ പെട്ടുപോയ ഒരു ജനതയുണ്ടെങ്കിൽ അവർക്ക് റോഹിങ്ക്യൻ എന്നാണ് പേര്. ഇപ്പോൾ അവരുടെ മുന്നിലുള്ളത് കടലിനു നടുവിലെ എപ്പോൾ വേണമെങ്കിലും പ്രളയമെടുക്കാവുന്ന ഒരു ദ്വീപാണ്. 20 വർഷം മുമ്പ് ബംഗാൾ ഉൾക്കടലിൽ ഉയർന്നുവന്ന ഭസാൻ ചാർ ദ്വീപ്.
ബംഗ്ലാദേശിലെ കോക്സ് ബസാർ അഭയാർഥി ക്യാമ്പ് ഇപ്പോൾ നിറഞ്ഞുകവിഞ്ഞുകഴിഞ്ഞു. ഇനിയും അഭയാർഥികളെ പാർപ്പിക്കാൻ ആവാത്തവിധം ശ്വാസംമുട്ടുന്ന അവിടെനിന്ന് 1600 പേരടങ്ങുന്ന റോഹിങ്ക്യൻ സംഘത്തെ ഭസാൻ ചാർ ദ്വീപിലേക്ക് കഴിഞ്ഞയാഴ്ചയാണ് മാറ്റിയത്. ഇപ്പോൾ 1000 പേരടങ്ങിയ മറ്റൊരു സംഘവും പുറപ്പെട്ടുകഴിഞ്ഞു. കോക്സ് ബസാറിൽനിന്ന് ചിറ്റഗോങ്ങിലേക്കാണ് ആദ്യം അവർ എത്തുക. അവിടെനിന്ന് ഭസാൻ ചാർ ദ്വീപിലേക്ക്.
ഇളകുന്ന കടലിലെ ചെറിയ കപ്പലിൽ തിങ്ങിഞെരുങ്ങി പ്രതീക്ഷകളറ്റ ഒരു ജനത നിസ്സംഗരായി പുറപ്പെടുകയാണ്. ദ്വീപിലേക്ക് പോകാൻ ആരെയും നിർബന്ധിക്കുന്നില്ലെന്നും താൽപര്യമുണ്ടെങ്കിൽ മാത്രം പോയാൽ മതിയെന്നും അധികൃതർ പറയുന്നുണ്ട്. പക്ഷേ, ദ്വീപിലേക്ക് പോകാൻ തങ്ങളെ നിർബന്ധിക്കുന്നതായി അഭയാർഥികൾതന്നെ പറയുന്നുവെന്ന് 'അൽജസീറ' റിപ്പോർട്ട് ചെയ്യുന്നു.
20 വർഷം മുമ്പ് ബംഗാൾ ഉൾക്കടലിലെ വിദൂരമായ പ്രദേശത്ത് ഉയർന്നുവന്ന ദ്വീപാണ് ഭസാൻ ചാർ. ഏതു നിമിഷവും കടൽ തിരികെ കൊണ്ടുപോകുമെന്ന ആശങ്കയുമുണ്ട്. പക്ഷേ, മ്യാന്മറിലെ ഭീകരർക്കു മുന്നിൽ ജീവൻ നഷ്ടപ്പെട്ടവരെ ഓർക്കുമ്പോൾ ഈ തുരുത്തുപോലും അവർക്ക് ആശ്വാസമാണ്. സ്വന്തം മണ്ണിലേക്ക് തിരികെ പോരാൻ ചിലർ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ട ഓർമ അവർക്കു മുന്നിലുണ്ട്. തിരികെയെത്തിയാൽ നേരിടേണ്ടിവരുന്ന കൊടുംഭീകരതയോർത്ത് പിൻവാങ്ങിയവരാണ് അവരിലധികവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.