വാഷിങ്ടൺ ഡി.സി: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വിജയിച്ച റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ പ്രസിഡന്‍റുമായ ഡോണൾഡ് ട്രംപിനെ അഭിനന്ദനമറിയിച്ച് പ്രസിഡന്‍റ് ജോ ബൈഡനും തെരഞ്ഞെടുപ്പിലെ എതിരാളികൂടിയായ വൈസ് പ്രസിഡന്‍റ് കമല ഹാരിസും. ട്രംപിനെ ജോ ബൈഡൻ ഫോണിലൂടെ അഭിനന്ദനമറിയിച്ചതായും ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ചതായും വൈറ്റ് ഹൗസ് പ്രസ്താവനയിൽ അറിയിച്ചു. വാശിയേറിയ പോരാട്ടം കാഴ്ചവെച്ചതിന് കമല ഹാരിസിനെയും ബൈഡൻ അഭിനന്ദിച്ചു.
കമല ഹാരിസ് ഇന്നലെ ട്രംപിനെ ഫോണിലൂടെ അഭിനന്ദനമറിയിച്ചു. അധികാരക്കൈമാറ്റം സുഗമമായി നടത്തുന്നത് സംബന്ധിച്ച് കമല സംസാരിച്ചു. എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്‍റാകാൻ ട്രംപിന് സാധിക്കട്ടെയെന്നും കമല പറഞ്ഞു.
അമേരിക്കയുടെ 60ാമത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ആധികാരിക ജയമാണ് ട്രംപ് സ്വന്തമാക്കിയത്. പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ, ‘ഇഞ്ചോടിഞ്ച്’ എന്ന് പ്രവചിക്കപ്പെട്ട മത്സരത്തിൽ നിർണായക സംസ്ഥാനങ്ങളിലടക്കം ട്രംപിന് അനുകൂലമായ ജനവിധിയുണ്ടായി. ആകെയുള്ള 538 ഇലക്ടറൽ കോളജിലേക്കുള്ള തെരഞ്ഞെടുപ്പിൽ 17 എണ്ണത്തിന്റെ ഫലം പുറത്തുവരാനിരിക്കെ, ട്രംപ് 295 എണ്ണത്തിൽ വിജയിച്ചു. 270 ആണ് കേവലഭൂരിപക്ഷത്തിനുവേണ്ട ഇലക്ടറൽ കോളജുകളുടെ എണ്ണം. 226 സീറ്റിലാണ് കമല മുന്നിൽ. ജനപ്രതിനിധി സഭയിലേക്കും സെനറ്റിലേക്കും നടന്ന തെരഞ്ഞെടുപ്പുകളിലും റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ആധിപത്യം.
അമേരിക്കക്ക് ഇനി സുവർണകാലമാണെന്ന് തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ട്രംപ് പ്രതികരിച്ചു. അമേരിക്കയെ വീണ്ടും മഹത്തരമാക്കാനുള്ള ജനവിധിയാണിത്. ഇത്തരമൊരു മുന്നേറ്റം മുമ്പ് കണ്ടിട്ടില്ല. എക്കാലത്തെയും മികച്ച രാഷ്ട്രീയ മുന്നേറ്റമാണ് ഇതെന്ന് വിശ്വസിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. തെരഞ്ഞെടുപ്പിലെ ഔദ്യോഗിക ഫല പ്രഖ്യാപനം 2025 ജനുവരി ആറിനാണുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.