വാഷിങ്ടൺ: 2020ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കേസിൽ യു.എസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തി. അടുത്ത വർഷം പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ട്രംപ് ഒരുങ്ങുന്നതിനിടെയാണ് കൂടുതൽ കുറ്റങ്ങൾ അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ആഗസ്റ്റ് മൂന്നിന് അദ്ദേഹം കോടതിയിൽ ഹാജരാവണം.
രാജ്യത്തെ കബളിപ്പിക്കൽ, ഔദ്യോഗിക നടപടികൾ തടസപ്പെടുത്തൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ട്രംപിനെതിരെ പുതുതായി ചുമത്തിയിരിക്കുന്നത്. 20 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്.
2021 ജനുവരി ആറിന് ബൈഡന്റെ വിജയത്തെ അട്ടിമറിക്കാൻ ട്രംപ് ശ്രമിച്ചോയെന്നതാണ് പ്രധാനമായും പരിശോധിച്ചതെന്ന് സ്പെഷ്യൽ കൗൺസൽ ജാക്ക് സ്മിത്ത് പറഞ്ഞു. തെരഞ്ഞെടുപ്പ് അട്ടിമറി സംബന്ധിച്ച് പ്രസ്താവനക്ക് പിന്നാലെ ട്രംപ് കോൺഗ്രസ് യോഗത്തിൽ പ്രസംഗിക്കുകയും തുടർന്ന് ബൈഡനെ വിജയിയായി പ്രഖ്യാപിക്കുന്നത് തടയാൻ അദ്ദേഹത്തിന്റെ അനുയായികൾ കാപ്പിറ്റോൾ ബിൽഡിങ് ആക്രമിക്കുകയും ചെയ്തുവെന്ന് സ്മിത്ത് വ്യക്തമാക്കി.
കാപ്പിറ്റോൾ ബിൽഡിങ്ങിന് നേരെ നടന്ന ആക്രമണം അമേരിക്കൻ ജനാധിപത്യത്തിന് നേരെയുണ്ടായ വെല്ലുവിളിയാണെന്നും ട്രംപിനെതിരായ കുറ്റപത്രം പറയുന്നു. യു.എസിന്റെ അടിത്തറയെ തന്നെ ദുർബലമാക്കുന്ന നുണകളാണ് ട്രംപ് പറഞ്ഞതെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.