ലണ്ടൻ: രാജിവെക്കാമെന്ന പ്രധാനമന്ത്രി തെരേസ മേയുടെ വാഗ്ദാനവും വിലപ്പോയില്ല. ബ്രെ ക്സിറ്റ് കരാർ മൂന്നാം തവണയും ബ്രിട്ടീഷ് പാർലമെൻറ് തള്ളി. 58വോട്ടുകളുടെ ഭൂരിപക്ഷ ത്തിൽ 286നെതിരെ 344 വോട്ടുകൾക്കാണ് എം.പിമാർ കരാർ തള്ളിയത്. കരാറിനെ പിന്തുണച്ചാൽ രാജി വെക്കാൻ തയാറാണെന്ന് കഴിഞ്ഞ ദിവസം മേയ് എം.പിമാർക്ക് വാഗ്ദാനം നൽകിയിരുന്നു. തുട ർന്ന് കൺസർവേറ്റിവ് പാർട്ടിയിലെ ഭൂരിഭാഗം എം.പിമാരും കരാറിനെ പിന്തുണക്കുമെന്ന് അറിയിക്കുകയും ചെയ്തു.
എന്നാൽ, പ്രതിപക്ഷമായ ലേബർ പാർട്ടി നിലപാടിൽനിന്ന് വ്യ തിചലിക്കാൻ തയാറായില്ല. ഐറിഷ് ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് പാർട്ടിയുടെ (ഡി.യു.പി) 10 എം.പിമാരും പിന്തുണച്ചില്ല. പകുതി വേവിച്ച ബ്രെക്സിറ്റുമായാണ് മേയ് ബ്രിട്ടീഷ് ജനതയെ വഞ്ചിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ ആരോപിച്ചു. ജനങ്ങളുടെ വിശ്വാസം ആർജിക്കുന്നതിൽ പരാജയപ്പെട്ട മേയ് രാജിവെക്കണമെന്നും കോർബിൻ ആവശ്യപ്പെട്ടു.
650 അംഗ പാർലമെൻറിൽ മേയുടെ കൺസർവേറ്റിവ് പാർട്ടിക്ക് ഭൂരിപക്ഷമില്ല. ഡി.യു.പിയുമായി ചേർന്നാണ് സർക്കാർ രൂപവത്കരിച്ചത്. അതിനിടെ, വോട്ടെടുപ്പിൽ പരാജയപ്പെട്ട സാഹചര്യത്തിൽ ഏപ്രിൽ 10ന് ബ്രെക്സിറ്റ് ഉച്ചകോടിക്ക് യൂറോപ്യൻ യൂനിയൻ ആഹ്വാനം ചെയ്തു. കരാർ അംഗീകരിച്ചാൽ ബ്രെക്സിറ്റിനായി മേയ് 22 വരെ സമയം നൽകാമെന്നായിരുന്നു യൂറോപ്യൻ യൂനിയെൻറ വാഗ്ദാനം. എം.പിമാരുടെ പിന്തുണ ഉറപ്പാക്കാനായില്ലെങ്കിൽ കരാറില്ലാതെ ഏപ്രിൽ 12നകം ഇ.യു വിടണമെന്നും അന്ത്യശാസനം നൽകി.
കരാറില്ലാതെ ഇ.യു വിടുക എന്നത് ബ്രിട്ടനെ സംബന്ധിച്ച് വലിയ ദുരന്തമായിരിക്കും. ഈ സാഹചര്യത്തിൽ അടുത്തമാസം ബ്രസൽസിലെത്തി ഇ.യു നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന മേയ് ബ്രെക്സിറ്റ് നടപ്പാക്കാൻ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ടേക്കും. ആരുടെയും പിന്തുണയില്ലെങ്കിൽ ബ്രെക്സിറ്റ് നടപടികൾ മരവിപ്പിക്കുക എന്ന മാർഗവും നിലനിൽക്കുന്നുണ്ട്. മേയ് അതിനു തയാറാവുമോ എന്നത് കണ്ടറിയണം.
അതേസമയം, ബ്രിട്ടൻ യൂറോപ്യൻ യൂനിയനിൽ തുടരുന്നതു സംബന്ധിച്ച് വീണ്ടും ഹിതപരിശോധന നടത്തണമെന്നാണ് ഭൂരിഭാഗം പേരുടെയും ആവശ്യം. ഇതുവരെ ഇക്കാര്യം മേയുടെ പരിഗണനയിലുണ്ടായിരുന്നില്ല. വരുംദിവസങ്ങളിൽ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ മറ്റുവഴികളില്ലാതെ അവർ രണ്ടാം ഹിതപരിശോധനക്ക് തയാറായേക്കുമെന്നും വിലയിരുത്തലുകളുണ്ട്.
2016 ജൂൺ 23ലെ ബ്രിട്ടീഷ് ജനതയുടെ ബ്രെക്സിറ്റ് തെരഞ്ഞെടുപ്പ് രാജ്യത്തെ വൻ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. അന്ന് ബ്രെക്സിറ്റിനെതിരെ വാദിച്ചവരാണ് തെരേസ മേയും മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറണും.
2015ലെ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ബ്രെക്സിറ്റ് ഹിതപരിശോധന നടത്തുമെന്ന കാമറണിെൻറ പ്രഖ്യാപനമാണ് ബ്രിട്ടനെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ ഹിതപരിശോധന നടത്താൻ അദ്ദേഹം ബാധ്യസ്ഥനായി. ഹിതപരിശോധനയിൽ പരാജയപ്പെട്ടതിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് കാമറൺ രാജിവെച്ചതോടെയാണ് മേയ് പ്രധാനമന്ത്രിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.