ഇസ്‍ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തെഹ്‍രീകെ ഇൻസാഫ് പാർട്ടി നേതാവുമായ ഇംറാൻ ഖാനെതിരെ നടന്ന വെടിവെപ്പ് നാടകമാണെന്ന് പാകിസ്താൻ ഡെമോക്രാറ്റിക് മൂവ്മെന്റ് നേതാവ് മൗലാന ഫസലുർ റഹ്മാൻ. അഭിനയത്തിന്റെ കാര്യത്തിൽ ഇംറാൻ ഖാൻ ഷാരൂഖ് ഖാനെയും സൽമാൻ ഖാനെയും കടത്തിവെട്ടിയെന്നും ഫസലുർ റഹ്മാൻ പരിഹസിച്ചു. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാഷ്ട്രീയ റാലിക്കിടെയുണ്ടായ വെടിവെപ്പിൽ കാലിന് പരിക്കേറ്റ ഇംറാനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിരുന്നു.
''വസീറാബാദ് എപിസോഡിനെ കുറിച്ച് ആദ്യം കേട്ടപ്പോൾ ഇംറാനോട് സഹതാപം തോന്നിയിരുന്നു. എന്നാൽ ഇപ്പോഴത് ഒരു നാടകമാണെന്ന് മനസിലായി''- ഫസലുർ റഹ്മാനെ ഉദ്ധരിച്ച് എക്സ്പ്രസ് ട്രൈബ്യൂൺ റിപ്പോർട്ട് ചെയ്തു.
ഇംറാന്റെ പരിക്കിനെ കുറിച്ച് പലർക്കും സംശയമുണ്ടായിരുന്നു. അക്രമി ഒറ്റത്തവണ മാത്രമാണോ വെടിയുതിർത്തത്. രണ്ടുകാലുകൾക്കും പരിക്കേറ്റിട്ടുണ്ടോ എന്നതരത്തിൽ പല സംശയങ്ങളും ഉയർന്നു.
ബുള്ളറ്റിന്റെ കഷണങ്ങളാണ് അദ്ദേഹത്തിന്റെ കാലിൽ നിന്ന് നീക്കം ചെയ്തത്. ബുള്ളറ്റ് എങ്ങനെയാണ് കഷണങ്ങളായി പോകുന്നത്? ബോംബ് പൊട്ടിത്തെറിച്ച് പല ഭാഗങ്ങളാകുന്നതിനെ കുറിച്ച് നാം കേട്ടിട്ടുണ്ട്. അന്ധമായി വിശ്വസിക്കുന്നവർക്ക് മാത്രമേ ഇംറാന്റെ വാദങ്ങൾ മുഖവിലക്കെടുക്കാൻ കഴിയുകയുള്ളൂ-ഫസലുർ റഹ്മാൻ പറഞ്ഞു.
വെടിവെപ്പിൽ പരിക്കേറ്റ ഇംറാൻ ഖാനെ എന്തിനാണ് അർബുദത്തിന് ചികിത്സിക്കുന്ന ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും അദ്ദേഹം ചോദിച്ചു. ഇംറാൻ ഖാന്റെ സന്നദ്ധ സംഘടനയുടെ കീഴിലുള്ള ഷൗക്കത്ത് ഖാനുംബ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. മറ്റുള്ളവരെ കള്ളൻമാരെന്ന് വിളിക്കുന്ന ഇംറാൻ ഇപ്പോൾ സ്വയം കള്ളനായി മാറിയിരിക്കയാണെന്നും വെടിവെപ്പിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ഫസലുർ റഹ്മാൻ ആവശ്യപ്പെട്ടു.
ഇംറാന് ഏതാനും ആഴ്ചത്തെ വിശ്രമം മതിയെന്നും അതു കഴിഞ്ഞ് രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമാകാമെന്നും ഡോക്ടർമാർ സൂചിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.