കൊളംബോ: വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുദ്ദേശിച്ച് ഇന്ത്യയും ശ്രീലങ്കയും ആറു കരാറുകൾ ഒപ്പുവെച്ചു. സാങ്കേതികവിദ്യ, മത്സ്യബന്ധനം, ഊർജം തുടങ്ങിയ മേഖലകളിലെ സഹകരണത്തിനാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന്റെയും ശ്രീലങ്കൻ വിദേശകാര്യമന്ത്രി ജി.എൽ. പെയ്റിസിന്റെയും സാന്നിധ്യത്തിൽ തിങ്കളാഴ്ച കരാറിലെത്തിയത്.
കരാർപ്രകാരം, ശ്രീലങ്ക ആവിഷ്കരിക്കുന്ന യുനീക് ഡിജിറ്റൽ ഐഡന്റിറ്റി നടപ്പാക്കുന്നതിന് ഇന്ത്യ സഹായം നൽകും. നാവിക മേഖലയിൽ രക്ഷാദൗത്യ ഏകോപന കേന്ദ്രം സ്ഥാപിക്കുന്നതിനും പിന്തുണ നൽകും. കൂടാതെ, ഹൈബ്രിഡ് പവർ സ്റ്റേഷനുകളും മത്സ്യബന്ധന ഹാർബറുകളും സ്ഥാപിക്കുന്നതിലും സഹകരണമുണ്ട്. ശ്രീലങ്കയുമായി ഉഭയകക്ഷി സംഭാഷണങ്ങൾക്കും ഏഴു രാഷ്ട്ര കൂട്ടായ്മയായ 'ബിംസ്റ്റെക്' (വിവിധ മേഖല സാങ്കേതിക-സാമ്പത്തിക സഹകരണ കൂട്ടായ്മ) സമ്മേളനത്തിൽ പങ്കെടുക്കാനുമായി ഞായറാഴ്ചയാണ് വിദേശകാര്യമന്ത്രി കൊളംബോയിലെത്തിയത്.
ശ്രീലങ്കൻ പ്രസിഡന്റ് ഗോടബയ രാജപക്സയുമായി രാജ്യത്തെ തമിഴ്നേതാക്കൾ നടത്തിയ കൂടിക്കാഴ്ച ക്രിയാത്മക ചുവടുവെപ്പാണെന്നും ലങ്കൻ തമിഴ് സമൂഹത്തിന് തുല്യതയും നീതിയും സമാധാനവും അഭിമാനവും യാഥാർഥ്യമാകാനുള്ള എല്ലാ പരിശ്രമങ്ങെളയും ഇന്ത്യ പിന്തുണക്കുമെന്നും ജയ്ശങ്കർ കൊളംബോയിൽ പറഞ്ഞു. ലങ്കയിലെ പ്രധാന തമിഴ് രാഷ്ട്രീയ പാർട്ടിയായ തമിഴ് നാഷനൽ അലയൻസ് പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ജയ്ശങ്കർ ഇക്കാര്യം പറഞ്ഞത്.
സർക്കാറുമായി നടത്തിയ സംഭാഷണങ്ങളുടെ വിശദാംശങ്ങൾ തമിഴ് പ്രതിനിധികൾ മന്ത്രിയെ ധരിപ്പിച്ചു. കൊളംബോയിൽ നടന്ന 18ാം 'ബിംസ്റ്റെക്' മന്ത്രിതല സമ്മേളനത്തിലും ജയ്ശങ്കർ പങ്കെടുത്തു. ഭീകരതയെയും അക്രമങ്ങളേയും ചെറുക്കാൻ ഏഴു രാഷ്ട്ര കൂട്ടായ്മ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് സമ്മേളനത്തിൽ ജയ്ശങ്കർ ആവശ്യപ്പെട്ടു. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര സമാധാനവും സുരക്ഷയും സ്ഥിരതയും നിസ്സാരമായി കാണരുത്. സമീപകാല ഓർമയിലെ ഏറ്റവും കടുത്ത സമയമാണിത് -ജയ്ശങ്കർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.