തെഹ്റാൻ: ജനുവരിയിൽ ബഗ്ദാദിൽ ഡ്രോൺ ആക്രമണത്തിലൂടെ ഇറാൻ റെവലൂഷനറി ഗാർഡ് മേധാവി ജനറൽ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിന് അമേരിക്കയോട് പ്രതികാരം ചെയ്യുമെന്നും കൊലയാളികളെയും ഉത്തരവാദികളെയുമാണ് ലക്ഷ്യം വെക്കുകയെന്നും ഇറാൻ. നിരപരാധികൾക്കെതിരെ നടപടി സ്വീകരിക്കില്ലെന്നും റെവലൂഷനറി ഗാർഡ് മേധാവി മേജർ ജനറൽ ഹുസൈൻ സലാമി പറഞ്ഞു.
ദക്ഷിണാഫ്രിക്കയിലെ യു.എസ് അംബാസഡർ ലാനാ മാർക്കിനെ കൊലപ്പെടുത്താൻ അമേരിക്കയിലെ തെരഞ്ഞെടുപ്പിന് മുമ്പ് ഇറാൻ ലക്ഷ്യമിടുന്നതായി പേര് വെളിപ്പെടുത്താത്ത അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരമൊരു നടപടിയുണ്ടായാൽ ആയിരമിരട്ടി ശക്തിയിൽ ഇറാനെതിരെ ആക്രമണമുണ്ടാകുമെന്ന് പ്രസിഡൻറ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. അതേസമയം, ലാനാ മാർക്കിനെതിരെ വധ ഗൂഢാലോചന നടന്നതായി തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്ന് ദക്ഷിണാഫ്രിക്കയിലെ സ്റ്റേറ്റ് സെക്യൂരിറ്റി ഏജൻസി അറിയിച്ചു.
''മിസ്റ്റർ ട്രംപ്, ഞങ്ങളുടെ മഹാനായ കമാൻഡറുടെ രക്തസാക്ഷിത്വത്തോടുള്ള പ്രതികാരം നിശ്ചയദാർഢ്യവും ഗൗരവമുള്ളതും യഥാർഥവുമാണ്, പക്ഷേ ഞങ്ങൾ മാന്യരാണ്, നീതിയോട് കൂടി മാത്രമേ പ്രതികാരം ചെയ്യൂ. ഞങ്ങളുടെ രക്തസാക്ഷി സഹോദരെൻറ രക്തത്തിനായി ദക്ഷിണാഫ്രിക്കയിലെ ഒരു വനിതാ അംബാസഡറെ ആക്രമിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഈ മഹാനായ മനുഷ്യെൻറ രക്തസാക്ഷിത്വത്തിൽ നേരിട്ടോ അല്ലാതെയോ പങ്കാളികളായവരെ ലക്ഷ്യംവെക്കും'' -മേജർ ജനറൽ ഹുസൈൻ സലാമി പറഞ്ഞു.
ജനുവരിയിൽ അമേരിക്കൻ ആക്രമണത്തിൽ ഖാസിം സുലൈമാനിക്കൊപ്പം ഇറാഖി കമാൻഡർ അബു മഹ്ദി അൽ മുഹദ്ദിസും കൊല്ലപ്പെട്ടിരുന്നു. ദിവസങ്ങൾക്കു ശേഷം ഇറാൻ ഇറാഖിലെ അമേരിക്കൻ താവളങ്ങളിൽ ആക്രമണം നടത്തിയിരുന്നു.
Latest Video:
:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.