ലബനാൻ അതിർത്തിയോട് ചേർന്ന് വടക്കൻ ഇസ്രായേലിൽ തയാറായി നിൽക്കുന്ന സൈനിക ടാങ്കറുകൾ

ലബനാനിൽ കരയുദ്ധം തുടങ്ങി ഇസ്രായേൽ; ടാങ്കുകൾ അതിർത്തി കടന്നു, വ്യാപക വ്യോമാക്രമണവും

ബെയ്റൂത്: ലബനാനിൽ വ്യാപക വ്യോമാക്രമണത്തിന് പിന്നാലെ കരയുദ്ധത്തിന് തുടക്കമിട്ട് ഇസ്രായേൽ സൈന്യം. ഹിസ്ബുല്ല കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നിയന്ത്രിതവും കേന്ദ്രീകൃതവുമായ കരയുദ്ധം ആരംഭിച്ചതായി ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു. അതിർത്തി മേഖലകളിലേക്ക് ഇസ്രായേൽ ടാങ്കുകൾ പ്രവേശിച്ചു. 2006ന് ശേഷം ആദ്യമായാണ് ഇസ്രായേൽ ലബനാനിൽ കരയുദ്ധത്തിലേർപ്പെടുന്നത്.

ഇസ്രായേൽ ഏത് നിമിഷവും കരയുദ്ധത്തിന് തുടക്കമിടുമെന്ന് സൂചനയുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ലബനാൻ അതിർത്തി മേഖലയിൽ ഇസ്രായേൽ വൻതോതിലുള്ള സൈനിക വിന്യാസം നടത്തിയിരുന്നു. ക​ര​യു​ദ്ധം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​തി​രോ​ധ മ​ന്ത്രി യോ​വ് ഗാ​ല​ന്റ് ആ​വ​ർ​ത്തി​ച്ചതിന് പിന്നാലെയാണ് സൈന്യം ലബനാൻ മേഖലയിലേക്ക് പ്രവേശിച്ചത്. 


തെക്കൻ ലബനാനിലെ എയ്ൻ അൽ-ഹിൽവേ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ലബനാനിൽ ഇതുവരെ ആകെ 1208 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. അതേസമയം, ഗസ്സയിലും ആക്രമണം തുടരുകയാണ്. ഗസ്സ സിറ്റിയിലെ അഭയാർഥികൾ കേന്ദ്രമാക്കിയ സ്കൂളിൽ നടത്തിയ വ്യോമാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. സെൻട്രൽ ഗസ്സയിൽ നസറേത്ത് അഭയാർഥി ക്യാമ്പിൽ നടത്തിയ വ്യോമാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. സിറിയയിലെ ഡമാസ്കസിൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇസ്രായേൽ ഒരേ സമയം മൂന്ന് രാജ്യങ്ങളിൽ ആക്രമണവുമായി മുന്നോട്ടുപോകുകയാണ്. 

അതേസമയം, ലബനാനിലെ ക​ര​യു​ദ്ധ​ത്തെ ശ​ക്തി​യോ​ടെ ചെ​റു​ക്കു​മെ​ന്നും ഹി​സ്ബു​ല്ല സ​ജ്ജ​മാ​ണെ​ന്നും ഹ​സ​ൻ ന​സ്റു​ല്ല​യു​ടെ വ​ധ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യി ന​ട​ന്ന ടെ​ലി​വി​ഷ​ൻ അ​ഭി​സം​ബോ​ധ​ന​യി​ൽ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ന​ഈം ഖാ​സിം വ്യ​ക്ത​മാ​ക്കി. മു​തി​ർ​ന്ന നേ​താ​ക്ക​ൾ കൊ​ല്ല​പ്പെ​ട്ടെ​ങ്കി​ലും സം​ഘ​ട​ന സം​വി​ധാ​നം ഉ​ല​യാ​തെ തു​ട​രു​ന്നു​വെ​ന്നും ഹ​സ​ൻ ന​സ്റു​ല്ല​യു​ടെ പി​ൻ​ഗാ​മി​യെ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും നി​ല​വി​ൽ ചു​മ​ത​ല വ​ഹി​ക്കു​ന്ന അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യ തെ​ക്ക​ൻ ല​ബ​നാ​നി​ൽ സൈ​ന്യ​ത്തെ വി​ന്യ​സി​ക്കാ​ൻ ഒ​രു​ക്ക​മാ​ണെ​ന്ന് ല​ബ​നാ​ൻ ഇ​ട​ക്കാ​ല പ്ര​ധാ​ന​മ​ന്ത്രി മീ​ഖാ​തി​യും അ​റി​യി​ച്ചു. ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യ​തോ​ടെ ല​ബ​നാ​നി​ൽ​നി​ന്ന് വി​വി​ധ രാ​ജ്യ​ങ്ങ​ൾ പൗ​ര​ന്മാ​രെ ഒ​ഴി​പ്പി​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Tags:    
News Summary - Israel launches ground operation in Lebanon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.