ജോൺ എഫ്. കെന്നഡി, റോബർട്ട് എഫ്.കെന്നഡി, മാർട്ടിൻ ലൂഥർ കിങ് ജൂനിയർ
വാഷിങ്ടൺ: മുൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ വധക്കേസുമായി ബന്ധപ്പെട്ട രഹസ്യരേഖകൾ പുറത്തുവിടാൻ ഒരുങ്ങി യു.എസ്. ജോൺ എഫ്. കെന്നഡിയുടെ സഹോദരനും സെനറ്ററുമായ റോബർട്ട് എഫ്. കെന്നഡിയുടെയും പൗരാവകാശ പ്രവർത്തകൻ മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെയും വധക്കേസ് രേഖകളും പുറത്തുവിടും. ഇതിനുള്ള ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചു. ഈ സംഭവങ്ങളുടെ സത്യമറിയാൻ ഇരകളുടെ കുടുംബങ്ങൾക്കും അമേരിക്കൻ ജനതക്കും അർഹതയുണ്ടെന്ന് ചൂണ്ടിക്കാണിച്ച ട്രംപ്, 45 ദിവസത്തിനകം രേഖകൾ പൂർണമായും പുറത്തുവിടണമെന്നും ദേശീയ രഹസ്യാന്വേഷണ മേധാവിക്ക് നിർദേശം നൽകി. അതൊരു വലിയ കാര്യമാണ്. നിരവധിയാളുകൾ വർഷങ്ങളായി കാത്തിരിക്കുകയാണ്. എല്ലാ കാര്യങ്ങളും പുറത്തുവിടുമെന്നും ഓവൽ ഓഫിസിൽ മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞു. പൊതുതാൽപര്യം മാനിച്ചാണ് രേഖകൾ പുറത്തുവിടുന്നതെന്നും ട്രംപ് വ്യക്തമാക്കി.
ജോൺ എഫ്. കെന്നഡിയുടെ വധക്കേസുമായി ബന്ധപ്പെട്ട രഹസ്യരേഖകൾ പുറത്തുവിടുമെന്നത് ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. സത്യം അറിയാൻ അമേരിക്കൻ ജനത 60 വർഷമായി കാത്തിരിക്കുന്നെന്നാണ് ഇതേക്കുറിച്ച് ട്രംപ് പലതവണ പറഞ്ഞത്. 1963ൽ ഡാളസിൽ കാറില്‍ സഞ്ചരിക്കവെയാണ് ജോൺ എഫ്. കെന്നഡി വെടിയേറ്റു മരിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനിടെ റോബർട്ട് എഫ്. കെന്നഡി 1968ൽ കാലിഫോർണിയയിലും കൊല്ലപ്പെട്ടു. ഈ സംഭവത്തിന് രണ്ട് മാസങ്ങൾക്ക് മുമ്പാണ് മാർട്ടിൻ ലൂഥർ കിങ് ജൂനിയർ കൊല്ലപ്പെട്ടു.സോവിയറ്റ് യൂനിയനിലേക്ക് പലായനം ചെയ്യുകയും പിന്നീട് അമേരിക്കയിലേക്ക് മടങ്ങുകയും ചെയ്ത നാവിക ഉദ്യോഗസ്ഥനായ ലീ ഹാർവി ഒസ്വാൾഡാണ് ജോൺ എഫ്. കെന്നഡിയെ വെടിവെച്ചുകൊന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.