അസ്മാറിൻ (സിറിയ)/ അങ്കാറ (തുർക്കി): തെക്കുപടിഞ്ഞാറൻ തുർക്കിയയിലും വടക്കൻ സിറിയയിലും കൊടും ദുരന്തംവിതച്ച ഭൂകമ്പത്തിൽ 2350ലേറെ മരണം. തിങ്കളാഴ്ച പുലർച്ച, ഭൂകമ്പമാപിനിയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ അതിശക്ത കുലുക്കത്തിൽ നൂറുകണക്കിന് കെട്ടിടങ്ങളും മറ്റും തകർന്നാണ് ഇരു രാജ്യങ്ങളിലുമായി വൻ ദുരന്തമുണ്ടായത്. നഗരങ്ങളിലും ചെറു പട്ടണങ്ങളിലുമെല്ലാം തകർന്ന കെട്ടിടാവശിഷ്ടങ്ങളിൽ നൂറുകണക്കിനു പേർ കുടുങ്ങിക്കിടക്കുകയാണ്. അതിനാൽ മരണസംഖ്യ ഉയരുമെന്നാണ് ആശങ്ക. ആയിരക്കണക്കിന് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. തിങ്കളാഴ്ചതന്നെയുണ്ടായ ശക്തിയേറിയ തുടർചലനങ്ങളിൽ സിറിയൻ മേഖലയിൽ വീണ്ടും നാശനഷ്ടമുണ്ടായി.
10 തുർക്കിയ പ്രവിശ്യകളിലായി 1541 പേർ മരിച്ചുവെന്ന് അധികൃതർ പറഞ്ഞു. 5000ത്തിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിറിയയിൽ 710 പേർക്ക് ജീവഹാനിയുണ്ടായതായാണ് പ്രാഥമിക കണക്ക്. തുർക്കിയ പ്രവിശ്യ ഗാസിയാൻതെപിന്റെ തലസ്ഥാനമായ ഗാസിയാൻതെപ് നഗരത്തിനു 33 കിലോമീറ്റർ വടക്ക്, 18 കിലോമീറ്റർ താഴ്ചയിലാണ് പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയളോജിക്കൽ സർവേ അറിയിച്ചു. ഈജിപ്ത് തലസ്ഥാന നഗരിയായ കൈറോ വരെ ഭൂകമ്പത്തിന്റെ ആഘാതം അനുഭവപ്പെട്ടു.
സിറിയൻ നഗരങ്ങളായ അലപ്പോയും ഹമായും മുതൽ തുർക്കിയിലെ ദിയാർബാക്കിർവരെയുള്ള മേഖലയിലാണ് ഏറെയും നാശനഷ്ടങ്ങളുണ്ടായത്. ദുരന്തഭൂമിയിലെ കാഴ്ചകൾ ഹൃദയഭേദകമാണ്. തകർന്ന കെട്ടിടങ്ങൾക്കടിയിൽ ആളുകൾ ജീവനോടെയും അല്ലാതെയും കുടുങ്ങിക്കിടക്കുകയാണ്. മഴയും കൊടുംതണുപ്പും കാരണം രക്ഷാപ്രവർത്തനം ദുഷ്കരമാണെന്ന് അധികൃതർ പറയുന്നു. തുർക്കിയ മേഖലയിൽ മാത്രം മൂവായിരത്തോളം കെട്ടിടങ്ങൾ തകർന്നതായി പ്രസിഡന്റ് ഉർദുഗാൻ പറഞ്ഞു. യു.എസ് ഏജൻസിയുടെ റിപ്പോർട്ടിൽ 7.8 ആണ് തീവ്രത രേഖപ്പെടുത്തിയത്. 7.6 തീവ്രത രേഖപ്പെടുത്തിയത് അടക്കം ഇരുപതോളം തുടർചലനങ്ങളും ഉണ്ടായതായി യു.എസ് അധികൃതർ പറയുന്നു. ഭൂകമ്പങ്ങൾ ഇടക്കിടെയുണ്ടാകാറുള്ള അപായസാധ്യതാ മേഖലയിൽ തന്നെയാണ് തിങ്കളാഴ്ചയിലെ കുലുക്കവുമുണ്ടായത്.
ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടവർ തുടർചലനം കാരണം കെട്ടിടങ്ങൾക്ക് പുറത്തു കഴിയുന്നതിനാൽ തണുപ്പിൽ ദുരിതമനുഭവിക്കുകയാണെന്നും രക്ഷാപ്രവർത്തകർ പറയുന്നു. ഗാസിയാൻതെപ് നഗരത്തിലെ ചരിത്രപ്രസിദ്ധമായ കോട്ടയുടെ പ്രധാന ഭാഗങ്ങൾ തകർന്നതായി റിപ്പോർട്ടുണ്ട്. യൂറോപ്യൻ യൂനിയനും യു.എസും ചൈനയും ഇന്ത്യയുമടക്കം ലോകരാജ്യങ്ങൾ സഹായങ്ങൾ വാഗ്ദാനം ചെയ്തു.
ആഭ്യന്തരയുദ്ധത്തിൽ തകർന്നടിഞ്ഞ സിറിയൻ പ്രദേശങ്ങളിലാണ് ദുരന്തമുണ്ടായത്. യുദ്ധത്തിൽനിന്ന് രക്ഷതേടി ഇവിടെനിന്ന് പലായനം ചെയ്തവർ താമസിക്കുന്ന തുർക്കിയ പ്രദേശങ്ങളിലും ഭൂകമ്പം നാശംവിതച്ചു. അവശിഷ്ടങ്ങൾക്കിടയിൽനിന്ന് കരച്ചിലുകൾ കേൾക്കുന്നുണ്ടെന്ന്, തുർക്കിയ നഗരമായ അഡാനയിൽ മൂന്നു കെട്ടിടങ്ങൾ തകർന്നുവീണതിനു ദൃക്സാക്ഷിയായ പ്രദേശവാസി പറഞ്ഞു. ഭൂകമ്പമുണ്ടായ മേഖലകളിൽ രക്ഷാപ്രവർത്തനവും അവശിഷ്ടങ്ങൾ നീക്കലും പുരോഗമിക്കുന്നതിനാൽ ദുരന്തത്തിന്റെ വ്യാപ്തി എത്രത്തോളമെന്ന് പറയാറായിട്ടില്ലെന്ന് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.