കിയവ്: യുക്രെയ്നു നേരെ റഷ്യൻ ആക്രമണമുണ്ടായാൽ തിരിച്ചടി വേഗത്തിലാക്കാൻ കിഴക്കൻ യൂറോപിൽ സൈനിക വിന്യാസം ശക്തമാക്കി നാറ്റോ. സൈനികരുടെ എണ്ണം വർധിപ്പിച്ചതിനു പുറമെ കൂടുതലായി യുദ്ധവിമാനങ്ങളും കപ്പലുകളും എത്തിച്ചിട്ടുണ്ട്. ലിത്വേനിയ, ബൾഗേറിയ, റുമേനിയ, പോളണ്ട്, എസ്തോണിയ തുടങ്ങിയ രാജ്യങ്ങളിലാണ് നാറ്റോ സൈനികശേഷി കൂട്ടിയത്. യു.എസ്, ബ്രിട്ടൻ എന്നിവക്കു പുറമെ ഡെന്മാർക്, സ്പെയിൻ, നെതർലൻഡ്സ്, ഫ്രാൻസ് എന്നിവയും പങ്കാളികളായാണ് സൈനികശേഷി കൂട്ടുന്നത്.
യുക്രെയ്നിൽ റഷ്യൻ ആക്രമണം ഉണ്ടാകുന്ന പക്ഷം കടുത്ത ഉപരോധമുൾപ്പെടെ നടപടികളുമായി തിരിച്ചടി ശക്തമാക്കുമെന്ന് ബ്രിട്ടൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ അടുത്ത ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മേഖലയിൽ സന്ദർശനം നടത്തും.
നോർഡിക്, ബാൾട്ടിക് രാജ്യങ്ങളിലേക്ക് സൈനികരെ അയക്കുന്നതിൽ അന്തിമ തീരുമാനം സന്ദർശനം പൂർത്തിയാക്കിയ ഉടനുണ്ടാകും. നിലവിൽ, 1,150 യു.കെ സൈനികരാണ് ഇവിടങ്ങളിലുള്ളത്. ഇത് ഇരട്ടിയാക്കിയേക്കും. ഇതിനു പുറമെ, ബ്രിട്ടീഷ് വിദേശകാര്യ, പ്രതിരോധ മന്ത്രിമാർ മോസ്കോയിലെത്തി റഷ്യൻ പ്രതിനിധികളെയും കാണും.
അതേ സമയം, റഷ്യൻ ആക്രമണമുണ്ടായാലും നാറ്റോയിൽ അംഗത്വമില്ലാത്ത യുക്രെയ്നിൽ തങ്ങളുടെ സേനയെ വിന്യസിക്കില്ലെന്ന് സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടെൻബർഗ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.