ബ്രസൽസ്/ ഗസ്സ സിറ്റി: ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ഇറാനെതിരെ ഉപരോധം കടുപ്പിക്കാൻ യൂറോപ്യൻ യൂനിയനും അമേരിക്കയും ബ്രിട്ടനും തീരുമാനിച്ചു. ഏപ്രിൽ 13ന് ഇസ്രായേലിന് നേരെ നടത്തിയ ആക്രമണത്തിന് ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെയാണ് അമേരിക്കൻ ഉപരോധം.
ഉരുക്ക് ഉൽപാദനത്തിൽ ഏർപ്പെട്ട അഞ്ച് സ്ഥാപനങ്ങൾക്കും ഇറാൻ വാഹന നിർമാതാക്കളായ ബഹ്മാൻ ഗ്രൂപ്പിെന്റ മൂന്ന് ഉപസ്ഥാപനങ്ങൾക്കും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഇറാൻ സൈന്യത്തിനും ഉപരോധം നേരിടുന്ന മറ്റ് ഗ്രൂപ്പുകൾക്കും ബഹ്മാൻ ഗ്രൂപ്പ് സഹായം നൽകുന്നുവെന്നാണ് ആരോപണം. ഇറാെന്റ ഡ്രോൺ, ആണവ മിസൈൽ പദ്ധതികളുമായി ബന്ധപ്പെട്ട നിരവധി സൈനിക വിഭാഗങ്ങൾക്കാണ് ബ്രിട്ടൻ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്.
യുക്രെയ്നെതിരായ യുദ്ധത്തിന് റഷ്യക്ക് ആയുധം നൽകുന്നത് ഇറാനാണെന്ന ആരോപണം യൂറോപ്യൻ യൂനിയൻ നേതാക്കൾ ഉന്നയിച്ചു. ആക്രമണങ്ങൾക്ക് ഇറാൻ ഡ്രോണുകളും മിസൈലുകളും ഉപയോഗിക്കുന്നത് തടയാൻ നടപടിയുണ്ടാകുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ലബനാൻ, ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ സായുധസംഘങ്ങളുടെ പിന്തുണയോടെയാണ് ഇറാൻ ഇസ്രായേലിൽ ആക്രമണം നടത്തിയതെന്ന് സംശയമുള്ളതിനാൽ ഉപരോധം ഈ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് യൂറോപ്യൻ യൂനിയൻ വിദേശനയ മേധാവി ജോസപ് ബോറൽ സൂചിപ്പിച്ചു. യൂറോപ്പിലും ഇറാൻ ആക്രമണത്തിന് മുതിരുമെന്ന് ഭീതിയുള്ളതിനാൽ അവരുടെ സാങ്കേതികവിദ്യ തകർക്കാൻ ഉപരോധം അനിവാര്യമാണെന്ന് ലാത് വിയ പ്രധാനമന്ത്രി എവിക സിലിന പറഞ്ഞു.
അതേസമയം, ഗസ്സയിൽ വെടിനിർത്തലിന് ഇസ്രായേലും ഹമാസും തമ്മിലുള്ള മധ്യസ്ഥ ചർച്ചകളിൽനിന്ന് പിന്മാറുകയാണെന്ന സൂചന നൽകി ഖത്തർ രംഗത്തെത്തി. സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾക്കായി ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങളെ ചിലർ അപഹസിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആലോചനയെന്ന് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി പറഞ്ഞു. മുതിർന്ന ഹമാസ് നേതാക്കൾക്ക് അഭയം നൽകിയത് ചൂണ്ടിക്കാട്ടി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അടുത്തിടെ ഖത്തറിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു.
ഇറാന്റെ ഇസ്രായേൽ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ആവർത്തിച്ച ബിന്യമിൻ നെതന്യാഹു, അത് എപ്പോഴെന്നും എങ്ങനെയെന്നും പിന്നീട് തീരുമാനിക്കുമെന്ന് പ്രതികരിച്ചു. ഗസ്സയിലെ ഭവനരഹിതരായ ലക്ഷങ്ങൾ അഭയംപ്രാപിച്ച റഫ അതിർത്തിയിൽ ലോകരാജ്യങ്ങളുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പ് അവഗണിച്ച് ഇസ്രായേൽ ആക്രമണത്തിനൊരുങ്ങുകയാണെന്നാണ് സൂചന. 24 മണിക്കൂറിനിടെ ഗസ്സയിൽ ഇസ്രായേൽ നടത്തിയ ഏഴ് ആക്രമണങ്ങളിൽ 71 ഫലസ്തീനികൾ കൊല്ലപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.