ബെർലിൻ: ജർമനിയിൽ കോവിഡ് ലോക്ഡൗണിനെതിരെ പ്രതിഷേധം. ആയിരക്കണക്കിന് ജനങ്ങൾ പ്ലക്കാർഡുകളും മുദ്രാവാക്യവുമായി കാസൽ നഗരത്തിൽ തടിച്ചുകൂടി. ഓൺലൈൻ മൂവ്മെന്റുകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
പ്രതിഷേധക്കാർ ബോട്ടിലുകൾ വലിച്ചെറിഞ്ഞതായും ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചതായും പൊലീസ് ട്വീറ്റ് ചെയ്തു. കോവിഡ് നിർദേശങ്ങൾ ലംഘിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാർ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്തില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു. 'നിർബന്ധിത വാക്സിനേഷൻ പാടില്ല', 'ജനാധിപത്യം സെൻസർഷിപ്പ് അനുവദിക്കുന്നില്ല' തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം.
അതേസമയം, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന അഭിപ്രായവുമായി മറ്റൊരു വിഭാഗവും തെരുവിലിറങ്ങി. മാസ്ക് ധരിച്ചും വാക്സിൻ സ്വീകരിച്ചുവെന്ന പ്ലക്കാർഡുകൾ ഉയർത്തിയുമായിരുന്നു പ്രതിഷേധം.
ജർമനിയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ട് നാലുമാസമാകുന്നു. യു.എസിനെയും ബ്രിട്ടനെയും അേപക്ഷിച്ച് മന്ദഗതിയിലാണ് ജർമനിയിലെ വാക്സിനേഷൻ. സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാൻ കഴിയാത്തതിനാൽ ജർമനിയിലെ ജനങ്ങൾ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ അടുത്ത ഘട്ട ലോക്ഡൗൺ പ്രഖ്യാപനത്തെക്കുറിച്ച് ദേശീയ -പ്രാദേശിക നേതൃത്വം അഭിപ്രായം ആരാഞ്ഞിരുന്നു. തുടർന്നാണ് പ്രതിേഷധം.
കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന അഭിപ്രായവുമായി ലണ്ടനിലും നിരവധിപേർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വ്യാജ മഹാമാരിയെന്നും ഞങ്ങളുടെ കുഞ്ഞുങ്ങളുടെ ജീവിതം തകർക്കരുതെന്നും പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം. പ്രതിഷേധത്തെ തുടർന്ന് 33 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.