ശ്രീലങ്കയിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്ക് മുന്നറിയിപ്പുമായി യു.എസ്

വാഷിങ്ടൺ: ശ്രീലങ്കയിലേക്ക് യാത്ര ചെയ്യുന്നതിന് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി യു.എസ്. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി, മരുന്നുക്ഷാമം, കോവിഡ് കേസ് വർധന, തീവ്രവാദ ഭീഷണികൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ് നൽകിയത്. ശ്രീലങ്കയിലേക്ക് യാത്ര നടത്താനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും തീവ്രവാദ ഭീഷണികൾ കാരണം ശ്രീലങ്കയിൽ കൂടുതൽ ജാഗ്രത പുലർത്തത്തേണ്ടതുണ്ടെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പുതുതായി ഇറക്കിയ യാത്രാനിർദേശത്തിൽ പറയുന്നു.

ശ്രീലങ്കയിലെ നിലവിലെ സാമ്പത്തികസ്ഥിതിയിൽ അവശ്യ ഭ‍ക്ഷ്യവസ്തുക്കൾക്ക് കടുത്ത ക്ഷാമമാണ് നേരിടുന്നതെന്നും സ്റ്റേറ്റ് ഡിപാർട്ട്മെന്‍റ് സൂചിപ്പിച്ചു. കൂടാതെ സർക്കാറിനെതിരെ പ്രതിപക്ഷ കക്ഷികൾ പ്രതിഷേധം തുടരുകയാണെന്നും ചില സന്ദർഭങ്ങളിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിക്കാറുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

വൈദ്യുതി തടസ്സങ്ങളും ഗതാഗതതടസ്സങ്ങളും നേരിടാമെന്നും ശ്രീലങ്കയിലെ നിലവിലെ സാഹചര്യങ്ങൾ മനസ്സിലാക്കുന്നതിന് മാധ്യമങ്ങളെ പിന്തുടരേണ്ടതിനെക്കുറിച്ചും ഇതിൽ സൂചിപ്പിക്കുന്നുണ്ട്.

വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഗതാഗത കേന്ദ്രങ്ങൾ, മാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ, സർക്കാർ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, ക്ലബ്ബുകൾ, റെസ്റ്ററന്റുകൾ, ആരാധനാലയങ്ങൾ, പാർക്കുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിമാനത്താവളങ്ങൾ, ആശുപത്രികൾ എന്നീ പൊതു ഇടങ്ങളെ ലക്ഷ്യം വെച്ച് ആക്രമണത്തിന് സാധ്യതയുണ്ടെന്നും ഈ സമയത്ത് ശ്രീലങ്കയിലേക്ക് നടത്തുന്ന യാത്ര വളരെ ക്ലേശകരമാണെന്നും നിർദേശത്തിൽ പറയുന്നു.

Tags:    
News Summary - US cautions its citizens against travelling to Sri Lanka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.