ന്യൂയോർക്: ഡോണൾഡ് ട്രംപിനെ തോൽപിച്ച് ഡെമോക്രാറ്റ് നേതാവ് ജോ ബൈഡൻ അധികാരമേറ്റശേഷം നടക്കുന്ന ആദ്യ ദേശീയ തെരഞ്ഞെടുപ്പിൽ വോട്ടുരേഖപ്പെടുത്തി യു.എസ് ജനത. ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 35 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ്. സംസ്ഥാനങ്ങളിലെ ഗവർണർ തെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുകയാണ്.
നേരിട്ടോ മെയിൽ വഴിയോ നേരത്തെതന്നെ വോട്ടു രേഖപ്പെടുത്താനുള്ള സൗകര്യം മിക്ക സംസ്ഥാനങ്ങളിലുമുണ്ട്. ഓരോ സംസ്ഥാനത്തിനും രണ്ടുവീതം സെനറ്റർമാരുണ്ടാകും. ഇവരുടെ കാലാവധി ആറുവർഷമാണ്. ജനപ്രതിനിധികൾ രണ്ടുവർഷമാണ് ഒരു പ്രദേശത്തെ പ്രതിനിധാനംചെയ്യുക. ജനപ്രതിനിധി സഭയിലെ 30 സീറ്റുകളിൽ മാത്രമാണ് എങ്ങോട്ട് മറിയും എന്ന കാര്യത്തിൽ സംശയമുള്ളതെന്ന് ബി.ബി.സി പറയുന്നു.
ഇടക്കാല തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലുടനീളം കോൺഗ്രസിൽ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷ റിപ്പബ്ലിക്കൻ പാർട്ടി പ്രകടിപ്പിച്ചു. എന്നാൽ, വിജയം ആവർത്തിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് പ്രസിഡന്റ് ജോ ബൈഡൻ. റിപ്പബ്ലിക്കന്മാരുടെ വിജയം രാജ്യത്തെ പിറകോട്ടടിപ്പിക്കുമെന്നാണ് ഡെമോക്രാറ്റുകളുടെ വാദം. രാജ്യവ്യാപകമായി ഗർഭച്ഛിദ്ര നിയമം ഇല്ലാതാക്കാനും ജനാധിപത്യത്തെ കശാപ്പുചെയ്യാനും ശ്രമമുണ്ടാകുമെന്നും ആരോപിക്കുന്നു.
ബൈഡന്റെ ഭരണത്തിൽ ജനം പൊറുതിമുട്ടിയെന്നാണ് എതിർപക്ഷം പറയുന്നത്. വിലക്കയറ്റം നിയന്ത്രണാതീതമായി. കുറ്റകൃത്യങ്ങൾ കൂടി-റിപ്പബ്ലിക്കൻ പക്ഷം ആരോപിച്ചു.
ജനാധിപത്യത്തെ പ്രതിരോധിക്കേണ്ട നിർണായക സന്ദർഭമാണിതെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. മേരിലാൻഡിലെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനപ്രതിനിധി സഭയിലും സെനറ്റിലും റിപ്പബ്ലിക്കൻ കക്ഷിക്ക് ഭൂരിപക്ഷം ലഭിക്കാൻ വഴിയൊരുങ്ങിയാൽ അടുത്ത രണ്ടുവർഷം ഡെമോക്രാറ്റുകൾക്കും ബൈഡനും അത് വലിയ തലവേദനയാകും.
ബൈഡൻ ഭരണകൂടം ജുഡീഷ്യൽ, ഭരണതലത്തിലേക്ക് മുന്നോട്ടുവെക്കുന്ന ആളുകളെ വെട്ടാൻ സെനറ്റിലെ ഭൂരിപക്ഷം വഴി റിപ്പബ്ലിക്കൻ കക്ഷിക്ക് സാധിക്കും.
2024ലെ തെരഞ്ഞെടുപ്പിൽ ട്രംപ് വീണ്ടും മത്സരിക്കുമെന്നാണ് അഭ്യൂഹം. ഒഹായോയിലെ റാലിയിൽ സംസാരിക്കവേ, ഫ്ലോറിഡയിലെ തെരഞ്ഞെടുപ്പിനുശേഷം നവംബർ 15ന് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന് ട്രംപ് പറഞ്ഞു.
നിലവിൽ 100 അംഗ യു.എസ് സെനറ്റിൽ ഡെമോക്രാറ്റുകൾക്ക് 48 സീറ്റും റിപ്പബ്ലിക്കൻ കക്ഷിക്ക് 50 സീറ്റുമാണുള്ളത്. രണ്ടുപേർ സ്വതന്ത്രരാണ്.
ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകൾക്ക് 220 സീറ്റും റിപ്പബ്ലിക്കൻ കക്ഷിക്ക് 212 സീറ്റുമുണ്ട്. മൂന്ന് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്.
അടിസ്ഥാന സൗകര്യ വികസനം, മലിനീകരണമുണ്ടാക്കാത്ത ഊർജ മേഖല തുടങ്ങി വിവിധ വാഗ്ദാനങ്ങൾ നൽകിയാണ് ബൈഡൻ അധികാരമേറിയതെങ്കിലും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇപ്പോൾ ജനങ്ങൾക്ക് വലിയ മതിപ്പില്ലെന്നാണ് റിപ്പോർട്ട്. 39 ശതമാനം പേർ മാത്രമാണ് അദ്ദേഹത്തിന്റെ ഭരണമികവിനെ അംഗീകരിക്കുന്നതെന്നാണ് ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റോയിട്ടേഴ്സ്/ഇപ്സോസ് അഭിപ്രായ വോട്ടെടുപ്പ് വ്യക്തമാക്കുന്നത്.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ആഴ്ചകളെടുക്കുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.