ഗസ്സ സിറ്റി: ഹമാസിനെ ലക്ഷ്യമിടുന്നുവെന്ന പേരിൽ ഇസ്രായേൽ കണ്ണില്ലാതെ ചോരക്കലി തീർക്കുന്ന ഗസ്സ മുനമ്പിൽ അവസാന അഭയമെന്ന് നിലക്ക് മതം നോക്കാതെ സാധാരണക്കാർ ചെന്നുനിന്ന ഇടമായിരുന്നു സെന്റ് പോർഫിറിയോസ് ചർച്ച്. അഭയം തേടിയവരിൽ ഭൂരിപക്ഷവും ക്രിസ്ത്യാനികൾ.
തനിക്കും ഗർഭിണിയായ ഭാര്യക്കും രണ്ടു മക്കൾക്കും ഇവിടെ സുരക്ഷിതമായി കഴിയാനാകുമെന്ന് കരുതിയായിരുന്നു ജഹ്സാനും ഗ്രീക് ഓർത്തഡോക്സ് ചർച്ചിൽ എത്തിയത്. എന്നാൽ, എല്ലാ പ്രതീക്ഷകളും തകർത്ത് ഇസ്രായേൽ ബോംബറുകൾ അതും കൽക്കൂമ്പാരമാക്കിക്കളഞ്ഞു. നിരവധി നിരപരാധികൾ ജീവനറ്റ് പിടഞ്ഞുവീണു. ‘‘ഇവിടെയാണ് ഞങ്ങൾ മാമോദീസ മുങ്ങിയത്. ഇവിടെത്തന്നെ ഞങ്ങൾക്ക് മരണം വരെ കഴിയണം’’ -ജഹ്സാൻ പറയുന്നു.
200ഓളം കുരുന്നുകളും സ്ത്രീകളും മുതിർന്നവരും ചർച്ചിലുണ്ടായിരുന്നു. രണ്ടു തവണയാണ് ഇസ്രായേലി ബോംബറുകൾ ചർച്ച് ലക്ഷ്യമിട്ടത്. സമീപകാലത്തെ ഏറ്റവും ക്രൂരമായ വ്യോമാക്രമണങ്ങളിലൊന്നായി ഗസ്സയിലെ ചിരപുരാതന ക്രൈസ്തവ ദേവാലയം മാറി.
ഇപ്പോഴും ആരാധന നടക്കുന്ന, ലോകത്തെ ഏറ്റവും പഴക്കം ചെന്ന ക്രൈസ്തവ ആരാധനാലയങ്ങളിലൊന്നായ, ഗസ്സയിലെ സെന്റ് പോർഫിറിയോസ് ചർച്ചാണ് ഇസ്രായേൽ സേന തകർത്തത്. ചർച്ചിൽ അഭയം തേടിയ നൂറുകണക്കിനാളുകളിൽ 18 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് മാധ്യമ റിപ്പോർട്ട്. ഭൂരിഭാഗവും ക്രൈസ്തവ വിശ്വാസികളായ അഞ്ഞൂറോളം പേർ അഭയം തേടിയ സെന്റ് പോർഫിറിയോസിൽ ഒട്ടേറെ പേർ കൊല്ലപ്പെട്ടുവെന്ന് ഫലസ്തീൻ ക്രോണിക്കിൾ പറഞ്ഞു.
ജറൂസലം ആസ്ഥാനമായ ഗ്രീക് ഓർത്തഡോക്സ് പാത്രിയാർക്കേറ്റിന്റെ കീഴിലുള്ളതാണ് ചർച്ച്. ഇസ്രായേൽ ചെയ്തിയെ പാത്രിയാർക്കേറ്റ് അപലപിച്ചു. ‘‘ഇസ്രായേൽ ബോംബാക്രമണത്തിൽ വീടു നഷ്ടപ്പെട്ട നിരപരാധികളായ സ്ത്രീകൾക്കും കുട്ടികൾക്കും അഭയം നൽകിയ ചർച്ചുകളും അഭയകേന്ദ്രങ്ങളും ലക്ഷ്യമിടുന്നത് യുദ്ധക്കുറ്റമാണ്. ഇത് അവഗണിക്കാൻ കഴിയില്ല’’ -പാത്രിയാർക്കേറ്റ് വ്യക്തമാക്കി.
എ.ഡി 425ൽ നിർമിച്ച ക്രൈസ്തവ ദേവാലയത്തിന്റെ സ്ഥാനത്ത് 1150ൽ സ്ഥാപിതമായതാണ് ബിഷപ് പോർഫിറിയോസിന്റെ പേരിലുള്ള ചർച്ച്. അതുകൊണ്ടുതന്നെ ലോകത്ത് ഏറ്റവും പഴക്കമുള്ള മൂന്നാമത്തെ ചർച്ചാണെന്നും പറയപ്പെടുന്നുണ്ട്. 1500 വർഷം മുമ്പ് ഗസ്സയിലെ ക്രൈസ്തവ വിശ്വാസികളുടെ ഇടയനായിരുന്നു പോർഫിറിയോസ്.
ചർച്ചിന്റെ വടക്കുകിഴക്കൻ ഭാഗത്തായി ബിഷപ്പിന്റെ കല്ലറയുണ്ട്. 1000-1500ന് ഇടയിൽ ക്രൈസ്തവ വിശ്വാസികളുള്ള ഗസ്സയിലെ മൂന്നു ചർച്ചുകളിലൊന്നാണിത്. ഗസ്സ ബാപ്റ്റിസ്റ്റ് ചർച്ച്, ഹോളി ഫാമിലി കത്തോലിക്ക ചർച്ച് എന്നിവയാണ് മറ്റു രണ്ട് ദേവാലയങ്ങൾ.
ഗസ്സക്കു മേൽ മുൻകാലങ്ങളിലും ഇസ്രായേൽ ആക്രമണം നടത്തിയപ്പോൾ ഒട്ടേറെ പേർക്ക് അഭയമായിരുന്നതാണ് പോർഫിറിയോസ് ചർച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.