മൂവാറ്റുപുഴ: റോഡിൽ കിടന്ന മാലിന്യം നിറച്ച പ്ലാസ്റ്റിക് കൂടിൽ കുരുങ്ങിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് പരിക്കേറ്റ യുവാവ് മരിച്ചു. മാറാടി അക്കിലേടത്ത് പൗലോസിന്റെ മകൻ സൈറസ് പോളാണ് (22) മരിച്ചത്. ആരക്കുഴ - പണ്ടപ്പിള്ളി റോഡിൽ കഴിഞ്ഞ മേയ് മാസത്തിലാണ് അപകടം. ഹോട്ടൽ മാനേജ്മെന്റ് പൂർത്തിയാക്കി ഉന്നത പഠനത്തിനായി വിദേശത്തേക്ക് പോകാൻ തയാറെടുക്കുകയായിരുന്നു.
ആരോ അശ്രദ്ധമായി വലിച്ചെറിഞ്ഞ മാലിന്യം നിറച്ച പ്ലാസ്റ്റിക് കൂടുകളാണ് അപകടം സൃഷ്ടിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഒട്ടേറെ ശസ്ത്രക്രിയകൾ നടത്തേണ്ടി വന്നു. സാമ്പത്തികമായി തളർന്ന കുടുംബത്തെ സഹായിക്കാൻ നാട്ടുകാരും ജനപ്രതിനിധികളും ചേർന്നു ചികിത്സാ സഹായ നിധി രൂപവത്കരിച്ച് ധനശേഖരണം നടത്തുന്നതിനിടെയാണ് വെള്ളിയാഴ്ച സൈറസ് വിടപറഞ്ഞത്. മാതാവ്: മോളി. സഹോദരൻ: ബോബസ്.