പൊൻകുന്നം: തദ്ദേശ തെരഞ്ഞെടുപ്പിൽ എലിക്കുളം പഞ്ചായത്ത് 14ാം വാർഡിൽനിന്ന് വിജയിച്ച ജോജോ ചീരാംകുഴി (ജിയോ ജോസ് -58) നിര്യാതനായി. കോവിഡ് ബാധിതനായി ചികിത്സയിലിരുന്നതിനാൽ പഞ്ചായത്ത് അംഗമായി സത്യപ്രതിജ്ഞ ചെയ്യാനായിരുന്നില്ല. െതരഞ്ഞെടുപ്പിനുശേഷമാണ് കോവിഡ് പോസിറ്റിവായി ജോജോയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞയാഴ്ച നെഗറ്റിവായെങ്കിലും മറ്റ് ശാരീരിക പ്രശ്നങ്ങളുണ്ടായിരുന്നതിനാൽ ചികിത്സയിൽ തുടരുകയായിരുന്നു. എറണാകുളം രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച ഉച്ചയോടെയാണ് മരിച്ചത്. കോൺഗ്രസിലെ സ്ഥാനങ്ങൾ രാജിവെച്ച് മുന്നണികൾക്കെതിരെ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചതാണ് ജോജോ. മുമ്പ് എലിക്കുളം പഞ്ചായത്ത് അംഗമായിരുന്നു. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഇളങ്ങുളം പബ്ലിക് ലൈബ്രറി പ്രസിഡൻറ്, ഇളങ്ങുളം നോർത്ത് ക്ഷീരോൽപാദക സംഘം പ്രസിഡൻറ്, ഇളങ്ങുളം നോർത്ത് ആർ.പി.എസ് വൈസ് പ്രസിഡൻറ്, ഇളങ്ങുളം നാളികേരോൽപാദക സംഘം പ്രസിഡൻറ്, ഇന്ദിരാജി കൾചറൽ ഫോറം ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു.
എലിക്കുളം പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറും ചെങ്ങളം സെൻറ് ആൻറണീസ് ഹൈസ്കൂളിലെ റിട്ട. പ്രഥമാധ്യാപകനുമായ സി.വി. ജോസഫ് ചീരാംകുഴിയുടെയും കാഞ്ഞിരപ്പള്ളി സെൻറ് മേരീസ് ഹൈസ്കൂളിലെ റിട്ട. പ്രഥമാധ്യാപിക ത്രേസ്യാമ്മ ജോസഫിെൻറയും മകനാണ്. ഭാര്യ: മിത്രക്കരി പുത്തൻപുരയ്ക്കൽ കുടുംബാംഗം മറിയമ്മ (അധ്യാപിക, നസ്രത്ത് പബ്ലിക് സ്കൂൾ, നെയ്യാട്ടുശേരി). മകൾ: ഡോ. ടെസ്ല മരിയ ജിയോ. സംസ്കാരം തിങ്കളാഴ്ച 2.30ന് ഇളങ്ങുളം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.