വാരാണസിയിലെ മുതിർന്ന മാധ്യമപ്രവർത്തകനും കാശി പത്രകാർ സംഘ് മുൻ പ്രസിഡൻറുമായിരുന്ന രാജ്നാഥ് തിവാരി ആർ.എസ്.എസ്-ബി.ജെ.പി അഭിഭാഷകർ മുന്നോട്ടുവെക്കുന്ന ശിവലിംഗ കണ്ടുപിടിത്തത്തെ തള്ളിപ്പറയുന്നു. ''കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിനടുത്താണ് എന്റെ വീട്. ബാല്യകാലം മുഴുവൻ ഞാൻ ചെലവിട്ടത് തോളോടുതോൾ ചേർന്നുനിൽക്കുന്ന ഈ ദേവാലയങ്ങളുടെ മുറ്റത്താണ്. വർഷങ്ങളായി ഈ മസ്ജിദിലേക്കും മന്ദിറിലേക്കും വരുന്ന വിശ്വാസികൾ സഹോദരതുല്യമായ സഹവർത്തിത്വമാണ് പുലർത്തിയിരുന്നത്. അയോധ്യ വിഷയം വിവാദമാക്കി കത്തിപ്പടർത്തിയശേഷമാണ് കാശിക്ഷേത്രം സംബന്ധിച്ചും പുതിയ ചരിത്രനിർമാണ ശ്രമങ്ങൾ ആരംഭിച്ചത്. അതോടെ, ഇരുമ്പുവേലികൾകൊണ്ട് ക്ഷേത്രവും പള്ളിയും വേർതിരിക്കപ്പെട്ടു. ഇരു ദേവാലയങ്ങളിലേക്കും സർവസ്വതന്ത്രമായി കയറിച്ചെല്ലാൻ അക്കാലമത്രയും ഏവർക്കുമുണ്ടായിരുന്ന അവകാശവും ഇല്ലായ്മ ചെയ്യപ്പെട്ടു.'' ഇതു പറയുമ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു.