ചണ്ഡീഗഢ്: പുതിയ അധ്യയന വര്‍ഷം ആരംഭിച്ചിരിക്കെ, ഹരിയാനയിലെ സ്വകാര്യ സ്‌കൂളുകളില്‍ 12.5 ലക്ഷം വിദ്യാര്‍ഥികളുടെ കുറവ്. വിദ്യാര്‍ഥികളുടെ എണ്ണത്തിലെ വന്‍ കുറവിനെ കുറിച്ച് അന്വേഷിക്കാന്‍ സ്‌കൂള്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ജില്ല അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
കഴിഞ്ഞ അധ്യയന വര്‍ഷം 29.83 ലക്ഷം വിദ്യാര്‍ഥികളാണ് സംസ്ഥാനത്തെ സ്വകാര്യ സ്‌കൂളുകളില്‍ പഠനത്തിനായി രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, ഈ വര്‍ഷം അത് 17.31 ലക്ഷമായി കുറഞ്ഞു. ഹരിയാനയില്‍ 14,500 സര്‍ക്കാര്‍ സ്‌കൂളുകളും 8900 സ്വകാര്യ സ്‌കൂളുകളുമാണുള്ളത്.
ഒരു വിഭാഗം വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് മാറാനും മറ്റൊരു വിഭാഗം ഫീസ് അടക്കാന്‍ വഴിയില്ലാതെ പഠനം നിര്‍ത്തിയതാകാനും സാധ്യതയുണ്ടെന്ന് അധികൃതര്‍ പറയുന്നു. ഇതിനൊപ്പം, വലിയൊരു വിഭാഗം വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് സൗകര്യമില്ലാത്തതിനാല്‍ പഠനം മുടങ്ങിയ സാഹചര്യത്തിലുമാണ്. പക്ഷേ, ഇത്രയേറെ വിദ്യാര്‍ഥികളുടെ കുറവുണ്ടായതാണ് ആശങ്കയുയര്‍ത്തുന്നത്.
ലോക്ഡൗണ്‍ കാലത്ത് ഗ്രാമമേഖലകളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനം തുടരുക വളരെ പ്രയാസകരമാണ്. പല വീടുകളിലും വരുമാനമുണ്ടായിരുന്നയാള്‍ക്ക് ജോലി നഷ്ടമായ സാഹചര്യമാണ്.
വിദ്യാര്‍ഥികളുടെ എണ്ണത്തിലെ ഭീമമായ കുറവ് ആശ്ചര്യപ്പെടുത്തുന്നതാണെന്നും അന്വേഷണം നടത്തുമെന്നും ഹരിയാന വിദ്യാഭ്യാസ മന്ത്രി കന്‍വര്‍ പാല്‍ ഗുജ്‌റാര്‍ വ്യക്തമാക്കി.
ഈ വര്‍ഷം അധ്യയനം ആരംഭിക്കില്ലെന്ന പൊതുബോധം നിലനിന്നിരുന്നുവെന്നും അതിനാല്‍ സ്വകാര്യ സ്‌കൂളുകളിലെ, പ്രധാനമായും ചെറിയ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ ഇത്തവണ അധ്യയനം ആരംഭിച്ചപ്പോള്‍ രജിസ്റ്റര്‍ ചെയ്തില്ലെന്നും സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ അംഗമായ രാം മെഹര്‍ ചൂണ്ടിക്കാട്ടി.
വരുമാനമില്ലാത്തതാണ് മക്കളെ പഠിപ്പിക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയാത്തതിന് കാരണമെന്ന് തൊഴിലാളി അവകാശ പ്രവര്‍ത്തകനായ രാജേഷ് ചൗബാര പറയുന്നു. വലിയ വിഭാഗം തൊഴിലാളികള്‍ക്ക് ജോലി നഷ്ടമായി. ക്ലാസുകള്‍ തുടങ്ങിയിട്ടും അവരുടെ മക്കള്‍ വീടുകളില്‍ തന്നെ ഇരിക്കുകയാണ് -അദ്ദേഹം ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ സ്‌കൂളുകള്‍ കുട്ടികളെ പിടിക്കുന്നതാണ് സ്വകാര്യ സ്‌കൂളുകളില്‍ എണ്ണം കുറയാന്‍ കാരണമെന്ന് ചില സ്‌കൂളുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.