തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി 5000 കോടി രൂപയുടെ കേരള ഉന്നത വിദ്യാഭ്യാസ ഫണ്ട് (കെ.എച്ച്.ഇ.എഫ്) രൂപവത്കരിക്കണമെന്നും തുക കണ്ടെത്താൻ നിശ്ചിത ചരക്കുകൾക്കും സേവനങ്ങൾക്കും ഒന്നുമുതൽ രണ്ടു ശതമാനംവരെ സെസ് ഏർപ്പെടുത്തണമെന്നും ശിപാർശ. ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമീഷൻ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. 2000 കോടി രൂപ സർക്കാർ നൽകണം. ബാക്കി തുക കണ്ടെത്താനായി നിർദേശിച്ച മാർഗങ്ങളിലൊന്നാണ് ഉന്നത വിദ്യാഭ്യാസ സെസ്. കമ്പനി, ട്രസ്റ്റ് മാതൃകയിൽ ഉന്നതവിദ്യാഭ്യാസ കൗൺസിലിന്‍റെ പരിപാലനത്തിലാകണം കെ.എച്ച്.ഇ.എഫിന്‍റെ പ്രവർത്തനം. ജനങ്ങളിൽനിന്നും മത, സാമൂഹിക, കോർപറേറ്റ് സ്ഥാപനങ്ങളിൽനിന്നും ഫണ്ട് സമാഹരിക്കാം. കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ടും കണ്ടെത്താം.
പിന്നാക്ക മേഖലകളിൽ ഉൾപ്പെടെ പുതിയ കോളജുകളുടെ നിർമാണം, കോളജുകളിലും സർവകലാശാലകളിലും വിദ്യാർഥി പ്രവേശനം ഉയർത്തൽ, സർക്കാർ നിയന്ത്രണത്തിലുള്ള സ്വാശ്രയ കോളജുകളുടെ പഠനനിലവാരം ഉയർത്തൽ, പഠന-അധ്യാപന ആവശ്യത്തിനുളള ഡിജിറ്റൽ വിഭവങ്ങൾ സൃഷ്ടിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ശൃംഖലയൊരുക്കൽ, കോൺസ്റ്റിറ്റ്യുവന്‍റ് കോളജുകളാക്കുന്നവ ഉൾപ്പെടെ സർക്കാർ, എയ്ഡഡ് കോളജുകൾക്ക് സഹായം തുടങ്ങിയ ആവശ്യങ്ങൾക്ക് ഫണ്ട് വിനിയോഗിക്കാം.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ മലബാർ നേരിടുന്ന പിന്നാക്കാവസ്ഥ പരിഹരിക്കാൻ അഞ്ചു വർഷത്തിനകം കൂടുതൽ കോളജുകൾ സ്ഥാപിക്കണം. ഇതുവഴി ഉന്നത വിദ്യാഭ്യാസ അവസരം വർധിപ്പിക്കാൻ ഊന്നൽ നൽകണം. ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരത്തിൽ ഏറ്റവും പിന്നിൽ കാസർകോട് ജില്ലയും അതിനു തൊട്ടുമുകളിൽ മലപ്പുറം, കണ്ണൂർ, പാലക്കാട് ജില്ലകളുമാണെന്ന് കമീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കോളജ് അധ്യാപകരുടെ പെന്‍ഷൻ പ്രായം 56ൽനിന്ന് സർവകലാശാല അധ്യാപകരുടേതിന് തുല്യമായി 60 ആക്കണം. അടുത്തഘട്ടം ഇത് കേന്ദ്ര സർവകലാശാലകളിലേതിന് തുല്യമായി 65 വയസ്സായും ഉയർത്തണം. ഉന്നത വിദ്യാഭ്യാസ മേഖലക്കായി പ്രത്യേക സർവിസ് ചട്ടങ്ങളും ഫിനാൻസ് കോഡും ഓഡിറ്റിങ്ങും കൊണ്ടുവരണം. അസി. പ്രഫസർ നിയമനത്തിനുള്ള നിലവിലെ പ്രായപരിധി പിൻവലിക്കണമെന്നും ശിപാർശയുണ്ട്.
'കൽപ്പിതം' വേണ്ട; സ്വകാര്യ സർവകലാശാല ആകാം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ കൽപ്പിത (ഡീംഡ്) സർവകലാശാലകൾക്ക് പകരം സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകണമെന്നും ഇതിനായി നിയമനിർമാണം നടത്തണമെന്നും ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമീഷൻ. എയ്ഡഡ് സ്വയംഭരണ കോളജുകൾ ഉൾപ്പെടെ കൽപ്പിത സർവകലാശാല പദവിക്കായി ശ്രമം നടത്തുകയും പഠിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായി സർക്കാർ കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് സ്വകാര്യ കൽപ്പിത സർവകലാശാലകൾക്ക് പകരം സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകാമെന്ന് കമീഷൻ ശിപാർശ വരുന്നത്. നിലവിലുള്ള കൽപ്പിത സർവകലാശാലകളെ പൂർണ സർവകലാശാലകളാക്കി മാറ്റുന്നത് യു.ജി.സി പരിഗണിക്കുന്ന സാഹചര്യത്തിലാണ് ശിപാർശ. സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്നതിന്‍റെ മുന്നോടിയായി ഉന്നത വിദ്യാഭ്യാസ കൗൺസിലിന്‍റെ നേതൃത്വത്തിൽ ചർച്ച നടത്തണം.
സ്വകാര്യ സർവകലാശാലകൾക്കായി രംഗത്തുവരുന്ന ഏജൻസികളുടെ വിശ്വാസ്യതയും ലക്ഷ്യവും പരിശോധിക്കണം. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്‍റെ നേതൃത്വത്തിൽ ഇതിനായി വിദഗ്ധ പരിശോധന സമിതിയെ നിയോഗിക്കണം. സാമൂഹികനീതിയും സ്കോളർഷിപ്പും ഉറപ്പുവരുത്തി മാത്രമേ അംഗീകാരം നൽകാവൂ.
നിയമനത്തിന് റിക്രൂട്ട്മെൻറ് ബോർഡ്
എയ്ഡഡ് കോളജ് നിയമനങ്ങളിലെ കോഴ തടയാൻ സമഗ്രമായ നിയമനിർമാണം വേണം. എയ്ഡഡ് കോളജുകളിലെ അധ്യാപക നിയമനത്തിനായി ഹയർ എജുക്കേഷൻ ഫാക്കൽറ്റി റിക്രൂട്ട്മെന്‍റ് ബോർഡ് രൂപവത്കരിക്കണം. ബോർഡ് വഴിയുള്ള നിയമനത്തിനും സംവരണം ഉറപ്പാക്കാനും നിയമനിർമാണം നടത്തണം. സുതാര്യനിയമനം ഉറപ്പാക്കാൻ ബോർഡിന് നിയമപരമായ അധികാരങ്ങളും നൽകണം. ന്യൂനപക്ഷ സ്ഥാപനങ്ങൾക്കുള്ള അവകാശങ്ങൾ ഉറപ്പാക്കണം. ബോർഡ് യോഗ്യതപരീക്ഷ നടത്തി പട്ടിക പ്രസിദ്ധീകരിക്കണം. ഇതിൽനിന്നാകണം നിയമനം.
സ്വാശ്രയ സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ ബോർഡ്
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ ബോർഡ് ഓഫ് സെൽഫ് സസ്റ്റയിനിങ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻ ഹയർഎജുക്കേഷൻ സ്ഥാപിക്കണമെന്നും കമീഷൻ റിപ്പോർട്ടിൽ പറയുന്നു.
അധ്യാപകരുടെ ഗുണനിലവാരം, നിയമനത്തിലെ സുതാര്യത, നഷ്ടപരിഹാരം, അടിസ്ഥാന സൗകര്യം തുടങ്ങിയവ ഉറപ്പാക്കൽ ബോർഡിന്‍റെ ചുമതലയായിരിക്കും. വിദ്യാർഥി പ്രവേശനത്തിൽ സുതാര്യതയും സാമൂഹികനീതിയും ഉറപ്പാക്കൽ, ഫീസ് നിർണയം എന്നിവയിലും ബോർഡിനായിരിക്കും ചുമതല.
കോഴ്സുകൾക്ക് ഫീസ് കൂട്ടണം; ഫീസ് ഘടന നിശ്ചയിക്കാൻ സ്ഥിരംസമിതി
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലാ കോഴ്സുകളുടെ ഫീസ് വർധിപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ കമീഷൻ റിപ്പോർട്ടിൽ ശിപാർശ. മിക്ക സർവകലാശാലകളിലും സാമ്പ്രദായിക കോഴ്സുകളുടെ ഫീസ് വർഷങ്ങളായി മാറ്റമില്ലാതെ തുടരുകയാണ്. എന്നാൽ, പുതിയ കോഴ്സുകൾക്ക് ഉയർന്ന ഫീസ് ഈടാക്കുകയും ചെയ്യുന്നു. സർക്കാർ ഫണ്ടിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ കോഴ്സുകളുടെ ഫീസ് ഘടന പുനഃക്രമീകരിക്കുകയും യുക്തിസഹമാക്കുകയും ചെയ്യണം. ഇത്തരം കോളജുകളിൽ പഠിക്കാനെത്തുന്നവരിൽ നല്ലൊരു ശതമാനവും പ്രൈവറ്റ് സ്കൂളുകളിൽ ഉയർന്ന ഫീസ് നൽകി പഠിച്ചവരാണ്. കോഴ്സുകളുടെ നടത്തിപ്പ് ചെലവും വിപണി മൂല്യവും ഫീസ് നിർണയത്തിനു പരിഗണിക്കണം. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവർക്കായി പൂർണമായോ ഭാഗികമായോ ഉള്ള ഫീസ് ഒഴിവാക്കൽ സ്കീം നടപ്പാക്കണം. പണപ്പെരുപ്പത്തിനും മൊത്തവില സൂചികയുടെയും ഉപഭോക്തൃ വിലസൂചികയുടെയും അടിസ്ഥാനത്തിൽ ഫീസ് ഘടനയിലും മാറ്റം കൊണ്ടുവരണം. കുടുംബവരുമാനം ആറു ലക്ഷത്തിൽ താഴെയുള്ളവർക്ക് ഫീസ് പൂർണമായും ഒഴിവാക്കാം. ആറു ലക്ഷത്തിനും 10 ലക്ഷത്തിനുമിടയിൽ വരുമാനമുള്ളവർക്ക് ഗ്രേഡായി തിരിച്ച് 20 മുതൽ 80 ശതമാനം വരെ ഫീസ് ഇളവ് നൽകാം. 10 ലക്ഷത്തിനു മുകളിൽ വരുമാനമുള്ളവർ ഫീസ് പൂർണമായും നൽകണം. ഫീസ് ഘടന നിശ്ചയിക്കാൻ വിദ്യാഭ്യാസ, സാമ്പത്തിക, നയ വിദഗ്ധർ അടങ്ങിയ സ്ഥിരംസമിതി വേണം. സമിതി വർഷത്തിൽ രണ്ടു തവണ ചേരണമെന്നും ഫീസ് നിർണയത്തിനുള്ള വിപുലമായ മാനദണ്ഡങ്ങൾ രൂപവത്കരിക്കണമെന്നും കമീഷൻ ശിപാർശ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.