തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷകരിൽ രണ്ട് ലക്ഷത്തോളം പേർ പുറത്തുനിൽക്കുമ്പോഴും നിയമക്കുരുക്കിൽപെട്ട് 307 എയ്ഡഡ് ഹയർ സെക്കൻഡറികളിലെ 6705 സീറ്റ്. ഈ സീറ്റുകളുമായി ബന്ധപ്പെട്ട കേസ് ഹൈകോടതിയുടെ പരിഗണനയിലായതിനാൽ രണ്ടാം അലോട്ട്മെൻറിലും ഉൾപ്പെടുത്താനായിട്ടില്ല. മൂന്നാം അലോട്ട്മെൻറ് പൂർത്തിയായി സപ്ലിമെൻററി അലോട്ട്മെൻറിന് വിജ്ഞാപനമിറക്കും മുമ്പെങ്കിലും കേസിൽ തീർപ്പ് വന്നില്ലെങ്കിൽ പ്രവേശന നടപടികൾ സ്തംഭിക്കും.
മുന്നാക്ക സമുദായ മാനേജ്മെൻറിന് കീഴിലുള്ള സ്കൂളുകളിൽ കമ്യൂണിറ്റി ക്വോട്ടയിലുള്ളതും സ്വതന്ത്ര മാനേജ്മെൻറുകൾക്ക് കീഴിലുള്ള സ്കൂളുകൾ അധികമായി കൈവശം വെച്ചിരുന്നതും പിന്നീട് സർക്കാർ തിരിച്ചെടുത്തതുമായ 10 ശതമാനം സീറ്റുകളാണ് ഹൈകോടതിയിൽ തീർപ്പ് കാത്തുകിടക്കുന്നത്.
സ്വതന്ത്ര മാനേജ്മെൻറുകൾ 20 ശതമാനം മാനേജ്മെൻറ് ക്വോട്ട സീറ്റിന് പുറമെ അധികമായി കൈവശം വെച്ചിരുന്ന 10 ശതമാനം സീറ്റ് സർക്കാർ ഉത്തരവിലൂടെ തിരിച്ചെടുത്ത് ഓപൺ മെറിറ്റിൽ ലയിപ്പിച്ചിരുന്നു.
ഇതിനെ ചോദ്യം ചെയ്ത് മാനേജ്മെൻറുകൾ കോടതിയെ സമീപിച്ചു. സർക്കാർ നടപടി ശരിവെച്ച കോടതി ഇതോടൊപ്പം മുന്നാക്ക സമുദായ മാനേജ്മെൻറുകൾക്ക് 20 ശതമാനം മാനേജ്മെൻറ് ക്വോട്ടക്ക് പുറത്ത് അനുവദിച്ച 10 ശതമാനം കമ്യൂണിറ്റി ക്വോട്ട സീറ്റ് റദ്ദാക്കുകയും ഈ സീറ്റുകൾ കൂടി മെറിറ്റിൽ ലയിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തു. ഇതോടെ കോടതിവിധിയുടെ അടിസ്ഥാനത്തിൽ ഈ സീറ്റുകൾ കൂടി പരിഗണിച്ച് ഹയർ സെക്കൻഡറി വിഭാഗം ട്രയൽ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു.
കമ്യൂണിറ്റി ക്വോട്ട സീറ്റ് റദ്ദാക്കിയ വിധിക്കെതിരെ എൻ.എസ്.എസ് ഹൈകോടതിയെ സമീപിച്ചു. പിന്നാലെ സർക്കാറും കമ്യൂണിറ്റി ക്വോട്ട സീറ്റ് നിലനിർത്താൻ കോടതിയിലെത്തി. തുടർന്ന് സ്വതന്ത്ര മാനേജ്മെൻറുകളിൽനിന്ന് തിരിച്ചെടുത്ത സീറ്റുകളും മുന്നാക്ക സമുദായ മാനേജ്മെൻറ് സ്കൂളുകളിലെ കമ്യൂണിറ്റി ക്വോട്ടയും ചേർത്തുള്ള 6705 സീറ്റുകൾ മാറ്റിവെച്ച് ഒന്നാം അലോട്ട്മെൻറ് പ്രസിദ്ധീകരിക്കുകയായിരുന്നു.
കോടതിവിധിക്കനുസൃതമായി തുടർന്നുള്ള ഘട്ടത്തിൽ തർക്കത്തിലുള്ള സീറ്റിൽ തീരുമാനമെടുക്കാമെന്നായിരുന്നു ധാരണ. എന്നാൽ രണ്ടാം അലോട്ട്മെൻറ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കുമ്പോഴും കേസിൽ തീർപ്പായിട്ടില്ല. രണ്ടാം അലോട്ട്മെൻറിൽ പ്രവേശനം 17ന് പൂർത്തിയാക്കാനും 22ന് മൂന്നാം അലോട്ട്മെൻറ് പ്രസിദ്ധീകരിക്കാനുമാണ് തീരുമാനം. 24ന് പ്രവേശനം പൂർത്തിയാക്കി 25ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും.
അതിന് മുമ്പെങ്കിലും കേസിൽ വിധി വന്നാൽ മാത്രമേ ഒഴിച്ചിട്ടിരിക്കുന്ന 307 സ്കൂളുകളിലെ സീറ്റുകൾ തൊട്ടുപിറകെ വരുന്ന സപ്ലിമെൻററി അലോട്ട്മെൻറിൽ ഉൾപ്പെടുത്താനാവൂ. പുതിയ സീറ്റുകൾ കൂട്ടിച്ചേർക്കുമ്പോൾ നിലവിൽ പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് സ്കൂൾ/ വിഷയ കോമ്പിനേഷൻ ട്രാൻസ്ഫർ അനുവദിക്കേണ്ടിവരും. ഇതിന് ശേഷമേ ഒന്നാം സപ്ലിമെൻററി അലോട്ട്മെൻറിന് അപേക്ഷ ക്ഷണിക്കാൻ സാധിക്കൂ. അപ്പോഴേക്കും വിധി വന്നില്ലെങ്കിൽ സപ്ലിമെൻററി അലോട്ട്മെൻറ് നടപടികൾ സ്തംഭനത്തിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.