തൊടുപുഴ: കോവിഡ് കാലത്തിനുശേഷം ആദിവാസി -തോട്ടം മേഖലകളിലടക്കം സ്കൂളിലെത്താത്ത കുട്ടികളുടെ എണ്ണം വർധിക്കുന്നതായി കണക്കുകൾ. സ്കൂൾ തുറന്ന് അധ്യയനം തുടങ്ങിയിട്ടും 713 ഓളം കുട്ടികൾ സ്കൂളുകളിലെത്തിയിട്ടില്ലെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. നവംബർ ഒന്ന് മുതൽ സ്കൂളുകളിൽ വരാത്തവരും അതേസമയം ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാത്തവരുടെയും പ്രാഥമിക വിവരങ്ങൾ ശേഖരിച്ചതിൽനിന്നാണ് ഇത്രയധികം കുട്ടികൾ പഠനത്തിൽനിന്ന് വിട്ടുനിൽക്കുന്നതായി കണ്ടെത്തിയത്. ഇവർ പഠനം ഉപേക്ഷിച്ചിരിക്കാം എന്ന നിഗമനത്തിലാണ് അധികൃതർ. ജില്ലയിൽ ഏറ്റവും കൂടുതൽ ആദിവാസി വിഭാഗങ്ങളിലെയടക്കം കുട്ടികൾ പഠിക്കുന്നതും അടിമാലി ബി.ആർ.സിക്ക് (ബ്ലോക്ക് റിസോഴ്സ് സെൻറർ) കീഴിലാണ്. ഇവിടെ 301 കുട്ടികളാണ് സ്കൂളിലെത്താത്തത്. മൂന്നാറിൽ 150, പീരുമേട്-84, നെടുങ്കണ്ടം- 35, കരിമണ്ണൂർ -32 എന്നിങ്ങനെ പോകുന്നു മറ്റ് ബി.ആർ.സികൾക്ക് കീഴിലുള്ള സ്കൂളിലെത്താത്തവരുടെ എണ്ണം.
ഒന്നു മുതൽ പ്ലസ്ടു വരെയുള്ള കുട്ടികളുടെ വിവര ശേഖരമാണ് നടത്തിയത്. കോവിഡ് കാലത്തിന് മുമ്പ് ഈ കുട്ടികളെല്ലാം സ്കൂളിലെത്തി പഠിച്ചിരുന്നവരാണ്. നവംബർ ഒന്നിനുശേഷം ഇവർ സ്കൂളിലെത്തുകയോ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുകയോ ചെയ്തിട്ടില്ല. ഹയർ സെക്കൻഡറിക്ക് ശേഷമുള്ള കുട്ടികളും തോട്ടം മേഖലയിലടക്കമുള്ള ജോലികളിലേക്ക് തിരഞ്ഞതായും വിവരങ്ങളുണ്ട്.
സ്കൂളിലെത്തിക്കാൻ പദ്ധതി ആവിഷ്കരിക്കും
കോവിഡിന് മുമ്പ് ആദിവാസി മേഖലയിൽ പാതിവഴിയിൽ പഠനം നിർത്തുന്നവരെ കണ്ടെത്തി അവരെ സ്കൂളിലെത്തിക്കാൻ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. എന്നാൽ, കോവിഡിൽ പഠനം ഓൺലൈൻ പ്ലാറ്റ് ഫോമിലേക്ക് മാറിയതോടെ കുട്ടികളുടെ വിവരശേഖരണം മുടങ്ങി.
ആദിവാസി ഭൂരിപക്ഷ മേഖലകൾ പലതും നെറ്റ്വർക്ക് കവറേജിന് പുറത്തായതോടെ ഇവിടങ്ങളിൽ പഠനവും താളംതെറ്റി. ഇത് ഇവരെ പഠനത്തിൽനിന്ന് പിന്നാക്കം പോകാൻ ഇടയാക്കിയതായാണ് കണ്ടെത്തൽ.
ജില്ലയിൽ 2065 വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് സൗകര്യമില്ലെന്നാണ് സമഗ്രശിക്ഷ കേരളം (എസ്.എസ്.കെ) നടത്തിയ കണക്കെടുപ്പിൽ കണ്ടെത്തിയത്. പലയിടത്തും ഓൺലൈൻ പഠനത്തിന് ആവശ്യമായ ഉപകരണങ്ങൾ സന്നദ്ധ സംഘടനകളും പൊതുപ്രവർത്തകരും ഇടപെട്ട് ലഭ്യമാക്കിയെങ്കിലും ഇത് പൂർണതോതിൽ വിജയം കണ്ടിരുന്നില്ല. കുട്ടികൾ പഠനം ഉപേക്ഷിക്കാനുള്ള കാരണം അന്വേഷിച്ച് സ്കൂളിൽ തിരികെ എത്തിക്കാനുള്ള നടപടിയാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്.
ഇത്തരം കുട്ടികളെ പെട്ടെന്ന് കണ്ടെത്തുന്നതിന് ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ തടസ്സമാണ്.
കുട്ടികളെ സ്കൂളുകളിലെത്തിക്കുന്നത് വിദ്യാഭ്യാസ വകുപ്പിെൻറയും സമഗ്ര ശിക്ഷ കേരളയുടെയും ട്രൈബൽ ഡിപ്പാർട്മെന്റിെൻറയും ശിശുവികസന സമിതിയുടെയുമടക്കം സഹായത്തോടെ പദ്ധതി ആവിഷ്കരിക്കുമെന്ന് ജില്ല വിദ്യാഭ്യാസ ഉപഡയറകട്ർ ശശീന്ദ്രവ്യാസ് 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.