തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രവർത്തനങ്ങൾക്കായി 2022-23 സാമ്പത്തികവർഷം 99.95 കോടി രൂപ ചെലവഴിക്കാൻ ഉന്നതവിദ്യാഭ്യാസ കൗൺസിലിന് ഭരണാനുമതി നൽകിയതായി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. വിഭിന്ന വിഷയങ്ങളിലുള്ള അക്കാദമിക് ജേണലുകളും േഡറ്റാ ബേസുകളും അക്കാദമിക സമൂഹത്തിന് ചുരുങ്ങിയ ചെലവിൽ പൊതുവിൽ ലഭ്യമാക്കുന്ന സംസ്ഥാനതല ഇ-ജേണൽ കൺസോർട്യത്തിന് 20 കോടി രൂപ ചെലവഴിക്കും. ഇ-ജേണലുകളുടെ സൗജന്യ സബ്‌സ്‌ക്രിപ്ഷൻ യു.ജി.സി നിർത്തിയതിനെത്തുടർന്ന് സംസ്ഥാന സർക്കാർ ആരംഭിച്ചതാണ് കൺസോർട്യം.
യു.ജി.സി തീരുമാനം വന്നതോടെ, കലാലയങ്ങൾക്ക് ഇ-ജേണൽ/േഡറ്റാബേസ് സൗകര്യം ഉറപ്പാക്കാൻ സർവകലാശാലകൾ കോടികൾ മുടക്കേണ്ടിവരുമെന്ന ഘട്ടത്തിലാണ് സർക്കാർ പദ്ധതി പ്രഖ്യാപിച്ചത്. ഉന്നതവിദ്യാഭ്യാസരംഗത്തെ ഡിജിറ്റൽ വിടവ് മറികടക്കാനും എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഡിജിറ്റൽ വിദ്യാഭ്യാസ സൗകര്യം കൂടുതൽ ഫലപ്രദമാക്കാനുള്ള ഡിജികോൾ പദ്ധതിക്ക് 20 കോടി രൂപ വിനിയോഗിക്കും. എല്ലാ കലാലയങ്ങളിലും 'മൂഡ്ൽ' ഓപൺ സോഴ്സ് ലേണിങ് മാനേജ്മെന്‍റ് സിസ്റ്റവും അതിനുള്ള സെർവർ സൗകര്യവും ലഭ്യമാക്കി അധ്യയനത്തിന് ഡിജിറ്റൽ പിന്തുണ ഉറപ്പാക്കുന്ന പദ്ധതിയാണിത്. സംസ്ഥാനത്തെ മുഴുവൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അധ്യയനം, പഠനം, വിലയിരുത്തൽ, പരീക്ഷ എന്നിവ പൊതുവായ ലേണിങ് മാനേജ്‌മെന്‍റ് സിസ്റ്റത്തിൽ കൊണ്ടുവരുന്ന 'ഡിജിറ്റൽ എനേബിൾമെന്‍റ് ഓഫ് ഹയർ എജുക്കേഷൻ' പദ്ധതിയുടെ പ്രാരംഭമാണ് ഡിജികോൾ.
ചീഫ് മിനിസ്റ്റേഴ്‌സ് നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിനായി 15 കോടി രൂപ നീക്കിവെച്ചു. വിവിധ സർവകലാശാലകളിലെയും ലൈബ്രറികളിലെയും അക്കാദമിക് റിസോഴ്‌സുകളുടെ പങ്കിടൽ പ്ലാറ്റ്‌ഫോമായ കേരള അക്കാദമിക് ലൈബ്രറി നെറ്റ്വർക്കിന് 10 കോടി രൂപ വിനിയോഗിക്കും. 11 സർവകലാശാലകളുടെയും 147 ലൈബ്രറികളുടെയും അക്കാദമിക് ശേഖരം ഒറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്ന പദ്ധതിയാണിത്. തൊട്ടടുത്ത കോളജുകൾ തമ്മിൽ ആൾശേഷിയും വിഭവശേഷിയും പശ്ചാത്തല സൗകര്യവും പരസ്പരം പങ്കിടുന്ന ക്ലസ്റ്റർ കോളജ് പദ്ധതിയിൽ ആരംഭിക്കുന്ന മൂന്ന് പുതിയ ക്ലസ്റ്ററുകൾക്കായി 10 കോടി രൂപ നീക്കിെവച്ചു. കാസർകോട്, കണ്ണൂർ, പാലക്കാട് ക്ലസ്റ്ററുകൾക്കായാണിത്. ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഗവേഷകരും ശാസ്ത്രജ്ഞരും സാങ്കേതികവിദഗ്ധരുമായ മലയാളികളെ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടുകൂടി സഹകരിപ്പിക്കുന്ന ബ്രെയിൻ ഗെയിൻ പദ്ധതിക്ക് അഞ്ച് കോടി രൂപ വിനിയോഗിക്കും.
ഹ്രസ്വകാല അധ്യാപനം, പാർട്ട് ടൈം സഹകരണം, ഗവേഷണങ്ങളിൽ ഉപ മേൽനോട്ടം എന്നിവയിലാണ് ഈ പദ്ധതിയിൽ വിദേശത്തുള്ള പ്രതിഭകളുടെ പങ്കാളിത്തം തേടുന്നത്. നൊബേൽ ജേതാക്കളുമായുള്ള ജ്ഞാനവിനിമയം പദ്ധതിക്ക് അഞ്ച് കോടി രൂപ ചെലവഴിക്കുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.