തിരുവനന്തപുരം: കേരള എൻജിനീയറിങ് പ്രവേശനത്തിന്‍റെ അവസാന തീയതിയിൽ സ്പോട്ട് അഡ്മിഷൻ രീതിയിൽ പ്രവേശനം ലഭിക്കുന്നവർക്ക് നേരേത്ത മറ്റ് കോളജുകളിൽ പ്രവേശനം ലഭിച്ചവരാണെങ്കിൽ ആദ്യം അടച്ച ട്യൂഷൻ ഫീസും സർട്ടിഫിക്കറ്റുകളും കോളജുകൾ തിരികെ നൽകണമെന്ന് സർക്കാർ ഉത്തരവ്.
സ്പോട്ട് അഡ്മിഷൻ ലഭിച്ചിട്ടും നേരേത്ത പ്രവേശനം ലഭിച്ച കോളജുകൾ സർട്ടിഫിക്കറ്റുകളും ഫീസും തിരികെ നൽകാത്തതിനാൽ ഒട്ടേറെപ്പേർക്ക് അവസരം നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. ഇതുസംബന്ധിച്ച് നിരവധി പേർ സംസ്ഥാന മനുഷ്യാവകാശ കമീഷനെ സമീപിച്ചിരുന്നു. പ്രവേശനത്തിന് നിശ്ചയിച്ച അവസാന തീയതിയിൽ സ്പോട്ട് അഡ്മിഷൻ ലഭിക്കുന്നവർക്ക് തൊട്ടടുത്ത പ്രവൃത്തിദിവസം ആദ്യം പ്രവേശനം നേടിയ കോളജ് വിടുതൽ സർട്ടിഫിക്കറ്റും (ടി.സി) മറ്റ് സർട്ടിഫിക്കറ്റുകളും ട്യൂഷൻ ഫീസും സെക്യൂരിറ്റി ഡെപ്പോസിറ്റും തിരികെ നൽകണമെന്ന് കമീഷൻ അഭിപ്രായപ്പെടുകയും സർക്കാറിന് നിർദേശം നൽകുകയും ചെയ്തിരുന്നു.
കമീഷൻ നിർദേശം പരിശോധിച്ച ശേഷമാണ് സർക്കാർ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ട്യൂഷൻ ഫീസ് ഉൾപ്പെടെ മുഴുവൻ തുകയും ആദ്യം പ്രവേശനം നേടിയ കോളജ് തിരികെ നൽകണം. അവസാനദിവസം പുതിയ കോളജിൽ അലോട്ട്മെൻറ് ലഭിച്ച വിദ്യാർഥി തൊട്ടടുത്ത പ്രവൃത്തിദിവസം ആദ്യ കോളജിൽ ടി.സിക്കായി അപേക്ഷിക്കുകയും വേണം. സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കുന്ന മുഴുവൻ കോളജുകൾക്കും പുതിയ ഉത്തരവ് ബാധകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.