തിരുവനന്തപുരം: ബി.എഡ് പ്രവേശന യോഗ്യതയിൽ ബി.ടെക് ഉൾപ്പെടുത്തുന്നതിന്റെ സാധ്യത സർക്കാർ പരിശോധിക്കുന്നു. ഇതിന്റെ ഭാഗമായി കേരള, കാലിക്കറ്റ്, എം.ജി സർവകലാശാലകളിൽനിന്നും ഉന്നത വിദ്യാഭ്യാസ കൗൺസിലിൽനിന്നും അഭിപ്രായം തേടി. കണ്ണൂർ സർവകലാശാല രജിസ്ട്രാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് നൽകിയ കത്തിനെ തുടർന്നാണ് നടപടി.
നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷൻ (എൻ.സി.ടി.ഇ) റെഗുലേഷൻ പ്രകാരം ബാച്ചിലർ ഓഫ് എൻജിനീയറിങ് അല്ലെങ്കിൽ ടെക്നോളജിയിൽ മൊത്തം 55 ശതമാനം മാർക്കോടെ വിജയിച്ചവർ ബി.എഡ് പ്രവേശനത്തിന് അർഹരാണെന്നും യോഗ്യത കോഴ്സായി ബി.ടെക് ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് വിദ്യാർഥികൾ കണ്ണൂർ സർവകലാശാലയെ സമീപിച്ചിരുന്നു. തുടർന്നാണ് സർവകലാശാല ഉന്നത വിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകിയത്.
എൻ.സി.ടി.ഇ റെഗുലേഷന്റെ സാഹചര്യത്തിൽ കാലിക്കറ്റ് സർവകലാശാലയിൽ ബി.ടെക് ബിരുദധാരികൾക്ക് ബി.എഡ് പ്രവേശനം അനുവദിക്കുന്നുണ്ട്. മാത്സ്, ഫിസിക്കൽ സയൻസ് എന്നിവയിലാണ് ബി.എഡ് പ്രവേശനം. മറ്റു സർവകലാശാലകളിൽ 10+2+3 മാതൃകയിൽ ബിരുദം പൂർത്തിയാക്കിയവർക്കാണ് ബന്ധപ്പെട്ട വിഷയ സ്ട്രീമിൽ ബി.എഡ് പ്രവേശനം അനുവദിക്കുന്നത്. കാലിക്കറ്റിൽനിന്ന് കോഴ്സ് കഴിഞ്ഞിറങ്ങിയവർക്ക് ബി.എഡ് യോഗ്യതയുള്ള അധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ട്. ഫിസിക്കൽ സയൻസ്, മാത്സ് ഹൈസ്കൂൾ അധ്യാപക തസ്തികയിലേക്കുള്ള യോഗ്യതയിൽ ബി.ടെക് ഉൾപ്പെടുത്തിയിട്ടില്ല. സർക്കാർതലത്തിൽ തീരുമാനമെടുത്ത് ഉത്തരവിറക്കിയാലേ നിയമന യോഗ്യതയിൽ പി.എസ്.സിക്ക് മാറ്റംവരുത്താനാകൂ. ബി.ടെക് ബിരുദധാരികൾക്ക് ബി.എഡിന് പ്രവേശനം നൽകുന്നത് സംബന്ധിച്ച് എസ്.സി.ഇ.ആർ.ടിയിൽനിന്ന് സർക്കാർ അഭിപ്രായം തേടിയിരുന്നു.
സർക്കാർ തീരുമാനം അനുകൂലമായാൽ ബി.ടെക് ബിരുദധാരികൾക്ക് കേരള, എം.ജി, കണ്ണൂർ സർവകലാശാലകളിൽ കൂടി മാത്സ്, ഫിസിക്കൽ സയൻസ് വിഷയങ്ങളിൽ ബി.എഡിന് ചേരാനാകും. അതുവഴി ഇവരെ ഹൈസ്കൂൾ അധ്യാപക നിയമനത്തിന് പി.എസ്.സി പരിഗണിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.