ദുബൈ: യു.എ.ഇയിൽ തിങ്കളാഴ്ച മുതൽ സി.ബി.എസ്.ഇ 12ാം ക്ലാസ് മോഡൽ, പ്രാക്ടിക്കൽ പരീക്ഷകൾ തുടങ്ങും. ശൈത്യകാല അവധിക്കുശേഷം നേരെ പരീക്ഷ ഹാളിലേക്കാണ് കുട്ടികൾ എത്തുന്നത്. എന്നാൽ, ചില സ്കൂളുകളിൽ അടുത്ത ദിവസങ്ങളിലായാണ് മോഡൽ പരീക്ഷ. അവധിക്കാലത്ത് തന്നെ പരീക്ഷക്ക് ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. അതിനാൽ, ചില സ്കൂൾ ജീവനക്കാർക്ക് ദിവസങ്ങൾക്ക് മുമ്പേ ജോലിക്ക് ഹാജരാകാൻ നിർദേശം ലഭിച്ചിരുന്നു.
സാനിറ്റൈസേഷൻ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ സ്കൂളുകൾ പൂർത്തിയാക്കിയിട്ടുണ്ട്. കേരള സിലബസ് പിന്തുടരുന്ന സ്കൂളുകളിൽ മാർച്ചിലാണ് പരീക്ഷ തുടങ്ങുന്നത്. അതേസമയം, ഡിസംബർ പത്തിന് അടച്ച എല്ലാ സ്കൂളുകളും അവധിക്കുശേഷം ഇന്ന് തുറക്കും. നാട്ടിൽ ക്രിസ്മസ്, ന്യൂ ഇയർ ആഘോഷത്തിന് പോയ കുടുംബങ്ങൾ തിരിച്ചെത്തിയിട്ടുണ്ട്.
ഏഷ്യൻ പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങളിൽ അവസാന പാദത്തിന്റെ ആരംഭമാണ് ഇന്ന്. അവസാന ടേമായതിനാൽ തന്നെ കഠിന പഠനത്തിന്റെ നാളുകളാണ് കാത്തിരിക്കുന്നത്. അതേസമയം, ഏഷ്യൻ ഇതര പാഠ്യപദ്ധതിയുള്ള വിദ്യാലയങ്ങളിൽ രണ്ടാംപാദമാണ് ഇന്ന് തുടങ്ങുന്നത്. ഏഷ്യൻ പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങൾ വാർഷിക പരീക്ഷകൾക്ക് ശേഷവും ഏഷ്യൻ ഇതര പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങൾ രണ്ടാം പാദത്തിന് ശേഷവും മാർച്ച് അവസാനം വസന്തകാല അവധിക്കായി അടക്കും. അതിന് ശേഷമായിരിക്കും ഇനി കുടുംബങ്ങളുടെ നാട്ടിലേക്കുള്ള യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.