കാര്‍ഷിക സര്‍വകലാശാലയിലെ കോഴ്സുകൾ; ബോധവത്കരണ സെമിനാർ നാളെ

കൽപറ്റ: കേരള കാര്‍ഷിക സര്‍വകലാശാലയുടെ വിവിധ കോഴ്സുകൾ സംബന്ധിച്ച് വിദ്യാർഥികൾക്ക് അറിവ് നൽകാനായി വിദ്യാഭ്യാസ സെമിനാര്‍ നടത്തുന്നു. ‘മികച്ച തൊഴിലിന് കാര്‍ഷിക കോഴ്‌സുകള്‍’ എന്ന വിഷയത്തിലുള്ള സെമിനാർ ജൂൺ 26ന് രാവിലെ 9.30 മുതല്‍ കല്‍പ്പറ്റ കലക്ടറേറ്റിലെ എ.പി.ജെ അബ്ദുള്‍ കലാം മെമ്മോറിയല്‍ ഹാളില്‍ നടക്കുമെന്ന് വയനാട് കാർഷിക കോളജ് ഡീൻ ഡോ. യാമിനി വര്‍മ്മ, എം.വി. ശ്രീരേഖ, നജീബ് നടുത്തൊടി എന്നിവര്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

രജിസ്‌ട്രേഷന്‍ സൗജന്യമാണ്. പ്ലസ് ടു പാസായവര്‍ക്കും എതെങ്കിലും വിഷയത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവുമുള്ളവര്‍ക്കും വിദ്യാർഥികൾക്കും പങ്കെടുക്കാം.

കാര്‍ഷിക സര്‍വകലാശാലയിലെ പുതിയ 20 കോഴ്‌സുകളെ കുറിച്ചുള്ള ബോധവത്ക്കരണവും ജോലി സാധ്യതകളും സെമിനാറിൽ വിശദീകരിക്കും. ടി.പി. സേതുമാധവന്‍ ക്ലാസുകള്‍ നയിക്കും. കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറും അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമീഷണറുമായ ഡോ. ബി. അശോക് ഉദ്ഘാടനം ചെയ്യും. കോഴ്‌സുകളിലെ ഡയറക്ടര്‍മാര്‍ ഓണ്‍ലൈനായി പങ്കെടുക്കും. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സംശയങ്ങള്‍ ചോദിക്കാനും അവസരമുണ്ട്.

സര്‍വകലാശാലക്ക് കീഴിലുള്ള വിവിധ കോളജുകളില്‍ ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി ജൂലൈ ആദ്യം വരെ നീട്ടി നല്‍കിയിട്ടുണ്ട്. വിദേശത്തടക്കം നിരവധി തൊഴിൽഅവസരങ്ങളുള്ള കോഴ്സുകളാണിവയെന്ന് അധികൃതർ പറഞ്ഞു.

Tags:    
News Summary - Courses in Agricultural University; Awareness seminar tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.