കോഴിക്കോട്: കോഴിക്കോട് എൻ.ഐ.ടി ഉൾപ്പടെ രാജ്യത്തെ വിവിധ എൻ.ഐ.ടികളിൽ അധ്യാപകേതര തസ്തികകളിൽ ജോലി ലഭിക്കണമെങ്കിൽ ഹിന്ദി അറിയൽ നിർബന്ധം. നോൺ ടീച്ചിങ് സ്റ്റാഫിനുള്ള പരീക്ഷയിൽ ഇംഗ്ലീഷിന് പുറമേ ഹിന്ദിയിലുള്ള അറിവും പരിശോധിക്കുമെന്ന് സിലബസിൽ വ്യക്തമാക്കുന്നു. ഇത് ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണെന്ന് വ്യാപക വിമർശനമുയർന്നു കഴിഞ്ഞു.
കോഴിക്കോട് എൻ.ഐ.ടിയിൽ ജൂനിയർ എൻജിനീയർ, സൂപ്രണ്ട്, ടെക്നികൽ അസിസ്റ്റന്‍റ്, ലൈബ്രറി ഇൻഫർമേഷൻ അസിസ്റ്റന്‍റ്, സീനിയർ അസിസ്റ്റന്‍റ്, ഓഫിസ് അറ്റൻഡന്‍റ്, ലാബ് അറ്റൻഡന്‍റ് തുടങ്ങിയ 150 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നാഷണൽ ടെസ്റ്റിങ് ഏജൻസിക്കാണ് പരീക്ഷ നടത്തിപ്പ് ചുമതല. എല്ലാ തസ്തികകളിലേക്കുമുള്ള പരീക്ഷക്കും ഇംഗ്ലീഷ്, ഹിന്ദി പരിജ്ഞാനം നിർബന്ധമാണ്.
സാധാരണഗതിയിൽ ഇംഗ്ലീഷ് പരിജ്ഞാനം പരിശോധിക്കാനുള്ള പരീക്ഷ ഉണ്ടാകാറുണ്ട്. എന്നാൽ, ഇത്തവണ ഇംഗ്ലീഷിനോടൊപ്പം ഹിന്ദിയിലുമുള്ള അറിവ് പരിശോധിക്കുകയാണ്. ഹിന്ദിയിൽ കേവലം അറിവുണ്ടോയെന്ന് മാത്രമല്ല, പദാവലി, വ്യാകരണം, വാക്യഘടന, പര്യായങ്ങൾ, വിപരീതപദങ്ങൾ, അതിന്‍റെ ശരിയായ ഉപയോഗം തുടങ്ങിയവയും പരിശോധിക്കുമെന്ന് സിലബസിൽ പറയുന്നു. ചുരുക്കത്തിൽ, ഹിന്ദി നന്നായി അറിയാവുന്നവർക്ക് മാത്രമേ പരീക്ഷയിൽ മുന്നിലെത്താനാകൂവെന്ന അവസ്ഥയാണുണ്ടാകുന്നത്.
കേന്ദ്ര സർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് മത്സര പരീക്ഷകൾക്ക് ഹിന്ദി നിർബന്ധമാക്കുന്നതെന്നാണ് വിമർശനം. ഹിന്ദി മേഖലയിലുള്ളവർക്ക് മേൽക്കൈ ലഭിക്കുകയും ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിലുള്ളവർ പിന്തള്ളപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിഷയത്തിൽ വൻ വിമർശനമുയർത്തിയിട്ടുണ്ട്. എൻ.ഐ.ടികളിൽ ഉൾപ്പെടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ അധ്യാപകേതര തസ്തികകളിലേക്ക് നിർബന്ധിത ഹിന്ദി പരീക്ഷ നടത്തുന്നത് ഭാഷാ സമത്വത്തിന് തുരങ്കംവെക്കുന്ന നീക്കമാണെന്നും വൈവിധ്യങ്ങളോടുള്ള നഗ്നമായ അവഗണനയാണെന്നും സ്റ്റാലിൻ ട്വീറ്റ് ചെയ്തു. ഹിന്ദി അടിച്ചേൽപ്പിക്കുന്നത് തമിഴ്നാട് ഉൾപ്പടെ ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിലെ യുവാക്കളുടെ അവസരം ഇല്ലാതാക്കുകയാണ്. ന്യായീകരിക്കാനാവാത്ത ഈ നീക്കം പിൻവലിക്കണമെന്നും എല്ലാവർക്കുമായുള്ള പരീക്ഷയായി നടത്തണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.
മധുരയിൽ നിന്നുള്ള സി.പി.എം എം.പി സു. വെങ്കടേശൻ ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് കത്തെഴുതി. ഇംഗ്ലീഷ്-ഹിന്ദി പരീക്ഷക്ക് ചില തസ്തികകളിൽ 20 ശതമാനവും മറ്റ് ചിലതിൽ 30 ശതമാനവും മാർക്കാണ് നൽകുന്നത്. ഇത് ഹിന്ദി ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് കനത്ത തിരിച്ചടിയാണ്. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് മേൽക്കൈ നൽകുന്നതാണെന്നും സു. വെങ്കടേശൻ എം.പി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.