പാനൂർ (കണ്ണൂർ): ഓരോ ദിവസവും സ്കൂളുകളിൽ ചോദ്യപേപ്പർ വിതരണം ചെയ്യുന്നത് ഹയർസെക്കൻഡറി പരീക്ഷ ദുരിതപൂർണമാക്കുന്നു. കഴിഞ്ഞ ഇംപ്രൂവ്മെൻറ് പരീക്ഷക്കിടെ ഒരു സ്കൂളിൽ മോഷണം നടന്നതിെൻറ പേരിലാണ് രാവിലെ 9.30ന് ആരംഭിക്കേണ്ട ഹയർസെക്കൻഡറി പരീക്ഷയുടെ ചോദ്യപേപ്പർ വിതരണം അതത് ദിവസം രാവിലെ തന്നെ ബി.ആർ.സികളെ ഉപയോഗിച്ച് നടത്തുന്നത്.
ഓരോ ദിവസവും ചോദ്യപേപ്പർ ഏറ്റുവാങ്ങാൻ ചീഫ് സൂപ്രണ്ടും രണ്ട് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുമായ അധ്യാപകർ രാവിലെ ഏഴോടെ തന്നെ സ്കൂളിലെത്തി ചോദ്യപേപ്പർ വരുന്ന വാഹനം കാത്തിരിക്കുകയാണ്. തങ്ങളുടെ സ്കൂളിൽനിന്ന് 30 കിലോമീറ്ററിലേറെ ദൂരെയുള്ള സ്കൂളുകളിൽ പോലും നിയമിക്കപ്പെട്ടിട്ടുള്ള നിരവധി അധ്യാപകരുണ്ട്.
അധ്യാപികമാരെ സംബന്ധിച്ചിടത്തോളം വെളുപ്പിന് തന്നെ എത്തിച്ചേരുക എന്നത് വലിയ ദുരിതമാണ്. വിദൂരസ്ഥലങ്ങളിലെ നിയമനം ശ്രദ്ധയിൽ പെടുത്തിയിട്ടും ഒരു പരിഗണനയും ബന്ധപ്പെട്ടവരിൽനിന്ന് ലഭിച്ചില്ലെന്നും പരാതിയുണ്ട്. രാഷ്ട്രീയ വൈരം തീർക്കാൻ നടത്തിയ മനപ്പൂർവ നീക്കമാണ് വിദൂര നിയമനമെന്നാണ് അധ്യാപകർ പറയുന്നത്. ഇങ്ങനെ നിയമനം നടത്തിയതിലൂടെ ടി.എ ഇനത്തിലും സർക്കാറിന് വൻ നഷ്ടമുണ്ടാകും.
ചോദ്യപേപ്പർ അതത് സ്കൂളുകളിൽ സൂക്ഷിക്കുന്നതിനു വേണ്ടി ലക്ഷക്കണക്കിന് രൂപ ചെലവാക്കി സി.സി.ടി.വി കാമറയുൾപ്പെടെ സൗകര്യങ്ങളൊരുക്കിയതെല്ലാം അതത് ദിവസത്തെ ചോദ്യപേപ്പർ വിതരണത്തിലൂടെ പാഴായിരിക്കുകയാണ്. പത്താം ക്ലാസിലെ പരീക്ഷ ഉച്ചക്കായതുകൊണ്ട് അതത് ദിവസം രാവിലെ ചോദ്യപേപ്പർ വിതരണത്തിന് അവർക്ക് സമയം കിട്ടും. ഹയർസെക്കൻഡറി പരീക്ഷ രാവിലെയാണെന്ന വസ്തുത ഉൾക്കൊള്ളാതെ അധ്യാപകരെ മാനസിക സമ്മർദത്തിലാക്കി ദ്രോഹിക്കുന്ന വകുപ്പിെൻറ നീക്കത്തിൽ എ.എച്ച്.എസ്.ടി.എ ജില്ല കമ്മിറ്റി പ്രതിഷേധമറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.