മലപ്പുറം: അധ്യാപക പരിശീലന കോഴ്സായ ഡി.എൽ.എഡ് നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയാതെ ഒരുവർഷം നഷ്ടമാകുമെന്ന ആശങ്കയിൽ 2020-22 ബാച്ച് വിദ്യാർഥികൾ. കോഴ്സ് സമയബന്ധിതമായി പൂർത്തീകരിക്കുന്നതിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്നും കാര്യമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്ന ആരോപണവുമുണ്ട്. കോവിഡ് പ്രതിസന്ധി മൂലം ക്ലാസുകൾ ആരംഭിക്കാൻ വൈകിയിരുന്നു.
അഡ്മിഷൻ നടക്കാൻ താമസിച്ചത് രണ്ടുവർഷം കോഴ്സ് എന്നുള്ളത് നിലവിൽ മൂന്നു വർഷ കാലയളവിലേക്കാണ് നീങ്ങുന്നത്. നാല് സെമസ്റ്റർ ഉള്ള കോഴ്സിന്റെ രണ്ട് സെമസ്റ്റർ മാത്രമാണ് ഇതുവരെ പൂർത്തിയായത്. അടുത്തിടെ പ്രസിദ്ധീകരിച്ച കലണ്ടർ പ്രകാരം കോഴ്സ് തീർക്കണമെങ്കിൽ നവംബർ എങ്കിലും ആകും. ഇത്തരത്തിൽ കോഴ്സ് നീണ്ടു പോവുകയാണെങ്കിൽ ഫലപ്രഖ്യാപന ശേഷം കുട്ടികളുടെ കൈയിൽ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത് ഏകദേശം ജനുവരി 2023ഓടെ ആയിരിക്കും. ഇങ്ങനെ മുന്നോട്ട് പോവുകയാണെങ്കിൽ വിദ്യാർഥികളുടെ ഒരുവർഷം നഷ്ടമാകുന്ന തരത്തിലാണ് കോഴ്സ് അവസാനിക്കുക.
മൂന്നാം സെമസ്റ്ററിലും നാലാം സെമസ്റ്ററിലും ഉള്ള അധ്യാപക പരിശീലന ദിനങ്ങൾ ഗണ്യമായി കുറച്ചെങ്കിൽ മാത്രമേ കോഴ്സ് സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിക്കൂ എന്ന അഭിപ്രായമുണ്ട്. അല്ലാത്തപക്ഷം പ്ലസ് ടു അടിസ്ഥാന യോഗ്യതയായി ഈ കോഴ്സിന് ചേരുന്ന വിദ്യാർഥികൾക്ക് ജൂലൈയിൽ ഡിഗ്രിയുടെയും പി.ജിയുടെയും അഡ്മിഷൻ നടക്കുന്ന അവസരത്തിൽ തുടർപഠനത്തെ ബാധിക്കും.
കോവിഡ് സാഹചര്യം മൂലം സംസ്ഥാനത്തെ ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഓൺലൈനായി ക്ലാസുകൾ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഡി.എൽ.എഡ് വിദ്യാർഥികളുടെ അധ്യാപക പരിശീലനം അവതാളത്തിൽ ആയിരിക്കുകയാണ്. ഓൺലൈനായി പരിശീലനത്തിൽ പങ്കെടുക്കാനാണ് നിലവിലുള്ള നിർദേശം. സാഹചര്യങ്ങളെ മനസ്സിലാക്കി ഒരുവർഷം നഷ്ടമാകാത്ത രീതിയിൽ കോഴ്സ് പൂർത്തീകരിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.