തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ്/ആർക്കിടെക്ചർ കോഴ്സുകളിലേക്കും സർക്കാർ ഫാർമസി കോളജുകളിലെ ബി.ഫാം കോഴ്സുകളിലേക്കുമുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെൻറ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ സമർപ്പിച്ച ഒാപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചത്. ഒന്നാംഘട്ട അലോട്ട്മെൻറ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർഥികളുടെ ഹോം പേജിൽ ലഭ്യമാണ്. ഹോം പേജിൽനിന്ന് വിദ്യാർഥികൾ അലോട്ട്മെൻറ് മെമ്മോയുടെ പ്രിൻറൗട്ട് നിർബന്ധമായും എടുക്കണം.
വിദ്യാർഥിയുടെ പേര്, റോൾ നമ്പർ, അലോട്ട്മെൻറ് ലഭിച്ച കോഴ്സ്, കോളജ്, അലോട്ട്മെൻറ് ലഭിച്ച കാറ്റഗറി, ഫീസ് സംബന്ധിച്ച വിവരങ്ങൾ എന്നിവ വിദ്യാർഥിയുടെ അലോട്ട്മെൻറ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഒന്നാംഘട്ട പ്രകാരം അലോട്ട്മെൻറ് ലഭിക്കുന്ന വിദ്യാർഥികൾ മെമ്മോയിൽ കാണിച്ചിട്ടുള്ളതും പ്രവേശനപരീക്ഷ കമീഷണർക്ക് അടക്കേണ്ടതുമായ ഫീസ് ജൂലൈ ഒന്നുമുതൽ അഞ്ചുവരെ എസ്.ബി.െഎയുടെ തെരഞ്ഞെടുത്ത ശാഖകളിൽ ഒന്നിലോ ഒാൺലൈൻ പേയ്മെൻറ് രീതിയിലോ ഒടുക്കണം.
എസ്.ബി.െഎ ശാഖകളുടെ പട്ടിക വെബ്സൈറ്റിൽ ലഭ്യമാണ്. എന്നാൽ, ഒന്നാംഘട്ടത്തിൽ അലോട്ട്മെൻറ് ലഭിക്കുന്നവർ കോളജുകളിൽ ഹാജരായി പ്രവേശനം നേടേണ്ടതില്ല.
നിശ്ചിത സമയത്തിനകം ഫീസ് ഒടുക്കാത്ത വിദ്യാർഥികളുടെ അലോട്ട്മെൻറും ബന്ധപ്പെട്ട സ്ട്രീമിൽ നിലവിലുള്ള ഒാപ്ഷനുകളും റദ്ദാകും.
റദ്ദാക്കപ്പെടുന്നവ പിന്നീട് പുനഃസ്ഥാപിക്കില്ല. അലോട്ട്മെൻറ് ലഭിക്കുന്ന എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗങ്ങളിലെ വിദ്യാർഥികളും ഫീസ് ആനുകൂല്യത്തിന് അർഹരായ വിദ്യാർഥികളും ആയിരം രൂപ ടോക്കൺ ഡെപ്പോസിറ്റ് അടച്ച് അലോട്ട്മെൻറ് അംഗീകരിക്കുന്നു എന്ന് ഉറപ്പാക്കണം. രണ്ടാംഘട്ട അലോട്ട്മെൻറ് നടപടിക്രമങ്ങൾ ജൂലൈ ആറിന് ആരംഭിക്കും.
ഹെൽപ്ലൈൻ നമ്പറുകൾ: 0471 2339101, 2339102, 2339103, 2339104.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.