എൻജിനീയറിങ് പ്രവേശന പരീക്ഷ സമയത്തിൽ മാറ്റം; ഉച്ചക്കുശേഷം നടക്കും; ഫാർമസി പരീക്ഷ 10ന്

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ് പ്രവേശന പരീക്ഷ സമയക്രമത്തിൽ മാറ്റം. രാവിലെ നിശ്ചയിച്ചിരുന്ന പരീക്ഷകൾ ഉച്ചക്കുശേഷം നടക്കും.

ഇത്തവണ കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ രീതിയിലാണ് പ്രവേശന പരീക്ഷ നടക്കുന്നത്. ജൂൺ അഞ്ചു മുതൽ ഒമ്പതു വരെ സംസ്ഥാനത്തെ 130 സ്ഥാപനങ്ങളിലെ 198 കേന്ദ്രങ്ങളിലായി രാവിലെ 10 മുതൽ ഒന്നു വരെയാണ് പരീക്ഷ തീരുമാനിച്ചിരുന്നത്. പുതുക്കിയ സമയപ്രകാരം എൻജിനീയറിങ് പരീക്ഷ ഉച്ചക്കുശേഷം രണ്ടു മുതൽ വൈകീട്ട് അഞ്ചുവരെയാണ്. 11.30 മുതൽ വിദ്യാർഥികൾക്ക് പരീക്ഷ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യാം. ഉച്ചക്ക് 1.30നുശേഷം പ്രവേശനം അനുവദിക്കില്ല.

ആറിന് നിശ്ചയിച്ചിരുന്ന ഫാർമസി പ്രവേശന പരീക്ഷ പത്തിലേക്ക് മാറ്റി. ഉച്ചക്കുശേഷം 3.30 മുതൽ വൈകീട്ട് അഞ്ചു വരെയാണ് പരീക്ഷ. ഒന്നു മുതൽ മൂന്നു മണിവരെയാണ് റിപ്പോർട്ടിങ് സമയം. പുതുക്കിയ അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷ പൂർത്തിയാക്കി 10 ദിവസംകൊണ്ട് ഫലം പ്രസിദ്ധീകരിക്കാനാകുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു കഴിഞ്ഞദിവസം അറിയിച്ചിരുന്നു. പരീക്ഷ പൂർത്തിയാകുന്ന ദിവസം ഉത്തരസൂചിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ആക്ഷേപങ്ങളും പരാതികളും നൽകാൻ അവസരമുണ്ടാകും. ഇതു കൂടി പരിഗണിച്ച് അന്തിമസൂചിക തയാറാക്കി പെർസന്‍റയിൽ സ്കോർ പ്രസിദ്ധീകരിക്കും. ഹയർസെക്കൻഡറി പരീക്ഷയിലെ ഫിസിക്സ്, കെമിസ്ട്രി, മാത്സ് പരീക്ഷയിലെ സ്കോർ കൂടി പരിഗണിച്ചുള്ള സമീകരണ പ്രക്രിയക്ക് ശേഷമാണ് റാങ്ക് പട്ടിക തയാറാക്കുന്നത്.

ഡൽഹിയിൽ രണ്ടും മുംബൈ, ദുബൈ എന്നിവിടങ്ങളിൽ ഓരോ കേന്ദ്രത്തിലും പരീക്ഷ നടക്കും. 1,13,447 വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്. ഒന്നിലധികം ദിവസങ്ങളിലായി നടക്കുന്ന പരീക്ഷക്ക് വെവ്വേറെ ചോദ്യപേപ്പറുകളാണ് ഉപയോഗിക്കുക. രാവിലെ 10 മുതൽ ഒന്നു വരെയാണ് പരീക്ഷ. ബയോമെട്രിക് വിവരങ്ങൾ, ഫോട്ടോ എന്നിവ എടുക്കാനുള്ളതിനാൽ വിദ്യാർഥികൾ രാവിലെ ഏഴരക്ക് പരീക്ഷകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. ഒമ്പതരക്ക് ശേഷം പ്രവേശനം അനുവദിക്കില്ല.

Tags:    
News Summary - ENGINEERING/PHARMACY COURSES REVISED EXAM DATE AND TIME PUBLISHED

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.