തിരുവനന്തപുരം: ബിരുദ കോഴ്സിന്റെ തുല്യതയെ ചൊല്ലി കേരള സർവകലാശാല വീണ്ടും ബി.എഡ് വിദ്യാർഥിയുടെ ഹാൾടിക്കറ്റ് തടഞ്ഞു. ഡൽഹി സർവകലാശാലയിൽ ഡിഗ്രി പൂർത്തിയാക്കി തിരുവനന്തപുരം പെരിങ്ങമ്മലയിലെ കോളജിൽ ബി.എഡിന് ചേർന്ന വിദ്യാർഥിനിക്കാണ് പരീക്ഷയെഴുതാൻ ഹാൾ ടിക്കറ്റ് അനുവദിക്കാതിരുന്നത്.
ബിരുദത്തിന് നേരത്തേ കേരള സർവകലാശാലയുടെ തുല്യത സർട്ടിഫിക്കറ്റ് നൽകിയിരുന്നെങ്കിലും പരീക്ഷയുടെ അവസാന ഘട്ടത്തിലാണ് ഹാൾടിക്കറ്റ് ലഭിക്കാതായത്. ബോട്ടണിയിലാണ് കുട്ടി ബിരുദമെടുത്തിരുന്നത്. മറ്റ് കുട്ടികൾക്കെല്ലാം ഹാൾ ടിക്കറ്റ് വന്നപ്പോൾ ഈ കുട്ടിയുടേത് വന്നില്ല.
പരീക്ഷ ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് കുട്ടി വിഷയം അറിഞ്ഞത്. സർവകലാശാല അധികൃതരെ സമീപിച്ചെങ്കിലും ഇതുവരെ പരിഹാരമായിട്ടില്ല. പരീക്ഷക്കായി തയാറെടുത്ത് വരികമായിരുന്നു വിദ്യാർഥിനി. കോഴ്സിന് ചേർന്ന് മാസങ്ങൾക്ക് ശേഷമാണ് പ്രതിസന്ധി വന്നത്.
ഡൽഹി സർവകലാശാലപോലെ ഉന്നത സ്ഥാപനത്തിൽനിന്ന് ബിരുദം നേടിയിട്ടും ബി.എഡ് പരീക്ഷയെഴുതാൻ അവസരം നൽകില്ലെന്ന നിലപാടിലാണ് സർവകലാശാല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.