പാനൂർ: കണ്ണൂർ സർവകലാശാലക്ക് കീഴിൽ കഴിഞ്ഞ ജൂലൈയിൽ ആരംഭിക്കേണ്ട രണ്ടാം വർഷ വിദ്യാർഥികളുടെ ടീച്ചിങ് പ്രാക്ടിസ് കോവിഡുമൂലം അനിശ്ചിതമായി നീണ്ടുപോകുന്നതിൽ ആശങ്കയും പ്രതിഷേധവും.
ബി.എഡ് വിദ്യാർഥികളുടെ രണ്ടാം വർഷ ക്ലാസുകൾ തീർത്തും നടത്താനാവാത്ത സാഹചര്യത്തിൽ വിദ്യാർഥികൾ സെമസ്റ്റർ വെച്ചുമാറാൻ ആവശ്യപ്പെടുകയും യൂനിവേഴ്സിറ്റി അത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഇത് പ്രകാരം നാലാം സെമസ്റ്ററിൽ പഠിക്കേണ്ട വിഷയങ്ങൾ വിദ്യാർഥികൾ ഓൺലൈൻ ആയി പഠിച്ചുവരുകയുമായിരുന്നു. ഈ ക്ലാസുകളുടെ കാര്യത്തിൽ വിദ്യാർഥികളോ കോളജുകളോ ഒരുവിധത്തിലുമുള്ള വിട്ടുവീഴ്ചയും ഉദാസീനതയും കാണിച്ചിരുന്നില്ലെന്നും അവർ പറയുന്നു.
ഓൺലൈൻ ക്ലാസ് പൂർത്തിയാക്കി ജനുവരിയിലോ ഫെബ്രുവരിയിലോ സെമസ്റ്റർ പരീക്ഷയും നടക്കേണ്ടതാണ്. എന്നാൽ, കണ്ണൂർ യൂനിവേഴ്സിറ്റി വരുന്ന മാസങ്ങളിൽ പരീക്ഷ നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ടീച്ചിങ് പ്രാക്ടിസ് വരുന്ന ജൂലൈയിൽ മാത്രമേ നടത്തൂ എന്നുമാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽനിന്ന് അറിയാൻ കഴിഞ്ഞത്. ഈ തീരുമാനം തങ്ങളുടെ ഒരു വർഷം പൂർണമായും നഷ്ടപ്പെടുത്തുമെന്നും ഭാവിയെ ദോഷകരമായി ബാധിക്കുമെന്നുമാണ് വിദ്യാർഥികൾ പറയുന്നത്.
അതേസമയം, കേരളത്തിലെതന്നെ മറ്റ് യൂനിവേഴ്സിറ്റികൾ ഓൺലൈൻ ആയി ഇതേ പരിശീലനം നടത്തിക്കൊണ്ടിരിക്കുകയുമാണ്. ഇതിൽ കേരള സർവകലാശാല ടീച്ചിങ് പ്രാക്ടിസ് പൂർത്തീകരിച്ചു.
എന്നാൽ, കണ്ണൂർ സർവകലാശാല മാത്രം പരിശീലനം ഓൺലൈനായി നടത്താൻ തയാറാകുന്നില്ല. അധ്യാപക വിദ്യാർഥി പരിശീലനം കൈകാര്യം ചെയ്യുന്ന നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷൻ ഓൺലൈൻ ടീച്ചിങ് പ്രാക്ടിസ് അംഗീകരിക്കില്ല എന്നാണ് കണ്ണൂർ സർവകലാശാല പറയുന്നത്.
എന്നാൽ, കോവിഡ് പശ്ചാത്തലത്തിൽ എൻ.സി.ടി.ഇ ഇറക്കിയ നിർദേശ പട്ടികയിൽ ടീച്ചിങ് ഇേൻറൺഷിപ്പിെൻറ കാര്യത്തിൽ അതത് യൂനിവേഴ്സിറ്റികൾക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് കൃത്യമായി പറയുന്നുമുണ്ട്.
മറ്റ് യൂനിവേഴ്സിറ്റികൾക്കു ബാധകമാവാത്ത എന്ത് നിയമമാണ് കണ്ണൂരിലുള്ളതെന്നും നഷ്ടമാകുന്ന ഒരു വർഷത്തിനും നഷ്ടമായേക്കാവുന്ന ജോലി സാധ്യതകൾക്കും ആര് മറുപടി പറയുമെന്നുമാണ് വിദ്യാർഥികൾ ചോദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.