പരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ ഏഴംഗ സമിതി; ഡോ. കെ. രാധാകൃഷ്ണൻ അധ്യക്ഷൻ

ന്യൂഡൽഹി: നീറ്റ്, നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകൾ കേന്ദ്ര സർക്കാറിന് തലവേദനയായ പശ്ചാത്തലത്തിൽ പ്രതിഷേധങ്ങൾ തണുപ്പിക്കുന്നതിന്‍റെ ഭാഗമായി പരീക്ഷ നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചു. ഐ.എസ്.ആര്‍.ഒ മുൻ ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ അധ്യക്ഷനായ ഏഴംഗ സമിതിയാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) മുഖേനയുള്ള പരീക്ഷകളുടെ സുതാര്യവും സുഗമവുമായ നടത്തിപ്പ് ഉറപ്പാക്കുക.

പരീക്ഷ നടത്തിപ്പ്, ഡാറ്റ സുരക്ഷ പ്രോട്ടോക്കോൾ മെച്ചപ്പെടുത്തൽ, എൻ.ടി.എയുടെ ഘടനയും പ്രവർത്തനവും മെച്ചപ്പെടുത്തൽ എന്നിവയിൽ സമിതി പഠനം നടത്തും. ഹൈദരാബാദ് കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ പ്രഫ. ബി ജെ റാവു, ഡൽഹി എയിംസ് മുൻ ഡയറക്ടർ രൺദീപ് ഗുലേറിയ എന്നിവരും സമിതിയിലുണ്ട്. രണ്ട് മാസത്തിനകം സമിതി വിദ്യാഭ്യാസ മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കും.

നീറ്റ്, നെറ്റ് പരീക്ഷകളുമായി ബന്ധപ്പെട്ട വിവാദം പുകയുന്നതിനിടെ, പരീക്ഷാത്തട്ടിപ്പ് തടയാൻ ഫെബ്രുവരിയിൽ പാസാക്കിയ നിയമം കഴിഞ്ഞ ദിവസം മുതൽ കേന്ദ്ര സർക്കാർ പ്രാബല്യത്തിലാക്കിയിരുന്നു. പുതിയ നിയമപ്രകാരം ചോദ്യപ്പേപ്പർ ചോർത്തിയാൽ മൂന്നു മുതൽ അഞ്ച് വർഷം വരെ ജയിൽശിക്ഷയും 10 ലക്ഷം രൂപവരെ പിഴയും ലഭിക്കാം. എല്ലാ കുറ്റങ്ങൾക്കും ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്യുക.

അതിനിടെ, നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തിയ നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിലായി. ഉത്തർപ്രദേശിലെ കുഷിനഗറിൽനിന്ന് നിഖിൽ എന്നയാളെയാണ് സി.ബി.ഐ പിടികൂടിയത്. ഡൽഹിയിൽനിന്നുള്ള സി.ബി.ഐ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രാജസ്ഥാനിലെ കോട്ടയിൽ പരീക്ഷാ തയാറെടുപ്പ് നടത്തുകയായിരുന്നു നിഖിലെന്നാണ് വിവരം.

Tags:    
News Summary - Govt forms high-level panel headed by ex-ISRO chief to ensure fair conduct of exams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.