കൊച്ചി: ഹയർ സെക്കൻഡറി വിഭാഗത്തിൽ പിന്നാക്ക-ന്യൂനപക്ഷ സമുദായ മാനേജ്മെന്റുകൾക്ക് കീഴിലെ സ്കൂളുകളിലല്ലാതെ സമുദായ ക്വോട്ടയിൽ പ്രവേശനം അനുവദിക്കാനാവില്ലെന്ന് ഹൈകോടതി. പിന്നാക്ക-ന്യൂനപക്ഷ മാനേജ്മെന്റുകളല്ലാത്ത സമുദായങ്ങൾക്ക് കീഴിലെ സ്കൂളുകൾക്ക് 10 ശതമാനം സമുദായ ക്വോട്ട അനുവദിച്ച വ്യവസ്ഥ ഭരണഘടന വിരുദ്ധമെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് രാജ വിജയരാഘവന്റെ ഉത്തരവ്.
സ്വകാര്യ, എയ്ഡഡ് സ്കൂളുകളിൽ ഹയർ സെക്കൻഡറി പ്രവേശനത്തിന് 20 ശതമാനം മാനേജ്മെന്റ് ക്വാട്ട അനുവദിച്ചതിന് പുറമെ പിന്നാക്ക-ന്യൂനപക്ഷ സമുദായ മാനേജ്മെന്റ് സ്കൂളുകൾക്ക് 20 ശതമാനം സീറ്റിലും അല്ലാത്ത സമുദായ മാനേജ്മെന്റ് സ്കൂളുകളിൽ 10 ശതമാനം സീറ്റിലും ബന്ധപ്പെട്ട സമുദായക്കാർക്ക് മെറിറ്റ് അടിസ്ഥാനത്തിൽ സംവരണം അനുവദിക്കാനും ജൂലൈ ഏഴിന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഈ രണ്ട് വിഭാഗത്തിലും പെടാത്തതും സമുദായമേതെന്ന് പ്രഖ്യാപിക്കാതെ പ്രവർത്തിക്കുന്നതുമായ സ്കൂളുകൾ 20 ശതമാനം മാനേജ്മെന്റ് ക്വോട്ടയിലൊഴികെ മുഴുവൻ സീറ്റിലും കേന്ദ്രീകൃത അലോട്ട്മെന്റ് പ്രക്രിയയിലൂടെ ഓപൺ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നടത്തണമെന്നും 2022-23 പ്ലസ് വൺ പ്രവേശന പ്രോസ്പെക്ടസ് ഇതിന്റെ അടിസ്ഥാനത്തിൽ വേണമെന്നും നിർദേശിച്ചിരുന്നു. ഈ ഉത്തരവും പ്രോസ്പെക്ടസും ചോദ്യം ചെയ്ത് നൽകിയ ഒരു കൂട്ടം ഹരജികളാണ് കോടതി പരിഗണിച്ചത്.
വ്യക്തികൾ, സൊസൈറ്റികൾ, ട്രസ്റ്റുകൾ, ഏജൻസികൾ തുടങ്ങി സാമുദായിക അടിസ്ഥാനത്തിലല്ലാതെ പ്രവർത്തിക്കുന്ന മാനേജ്മെന്റുകളാണ് തങ്ങളുടെ 10 ശതമാനം സീറ്റുകൾ നഷ്ടപ്പെടുന്നതായി ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്.
എന്നാൽ, മാനേജ്മെന്റ് ക്വോട്ട എല്ലാ സ്വകാര്യ, എയ്ഡഡ് സ്കൂളുകളിലും 20 ശതമാനം മാത്രമാണ് അനുവദിച്ചതെന്നും അതിലധികം വേണമെന്ന അവകാശവാദം നിലനിൽക്കുന്നതല്ലെന്നും സർക്കാർ വ്യക്തമാക്കി. 20 ശതമാനം മാനേജ്മെന്റ് ക്വോട്ട ചോദ്യം ചെയ്യുന്ന ഹരജികൾ കോടതി തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.