ഹയർ സെക്കൻഡറി സാമ്പിൾ ചോദ്യങ്ങൾ ഇനി വെബ്സൈറ്റിൽ

തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസ പരിശീലന സമിതിയുടെ (എസ്.സി.ഇ.ആർ.ടി) ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ചോദ്യശേഖരം (Question Pool) തയാറായി. ഹയർ സെക്കൻഡറിയിലെ വിവിധ വിഷയങ്ങളിലുള്ള സാമ്പിൾ ചോദ്യങ്ങൾ ലഭ്യമാകുന്ന വെബ് സൈറ്റ് (www.questionpool.scert.kerala.gov.in) പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

ഫെബ്രുവരി എട്ടിനു സംസ്ഥാനമൊട്ടാകെ നടന്ന ഹയർ സെക്കൻഡറി ക്ലസ്റ്റർതല പരിശീലന ശിൽപശാലയിലൂടെ തയാറാക്കിയ മാതൃകാചോദ്യങ്ങളാണ് പോർട്ടലിൽ ഇപ്പോൾ ലഭ്യമാവുക. ഹയർ സെക്കൻഡറിയിലെ മുഴുവൻ അധ്യാപകരും പങ്കാളികളായ കൂട്ടായ പ്രവർത്തനത്തിലൂടെ രണ്ടായിരത്തിലധികം സാമ്പിൾ ചോദ്യങ്ങളാണ് തയാറായിട്ടുള്ളത്. പ്ലസ് വൺ, പ്ലസ് ടു വിഭാഗങ്ങളിൽ ഓരോന്നിലും ആയിരത്തിലധികം ചോദ്യപേപ്പറുകൾ വീതം ലഭ്യമാകും. അവ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്.

കോവിഡ് പശ്ചാത്തലവും കുട്ടികളിൽ ദൃശ്യമായ പഠന വിടവുകളും കണക്കിലെടുത്ത് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും വരുത്തിയ ഉള്ളടക്ക ക്രമീകരണമുൾപ്പെടെയുള്ള മാറ്റങ്ങൾ കൂടി പരിഗണിച്ചാണ് ഈ ചോദ്യപേപ്പറുകൾ തയാറാക്കിയിട്ടുള്ളത്. ഭാഷാവിഷയങ്ങൾ ഒഴികെയുള്ളവയുടെ മലയാളപരിഭാഷയും ലഭ്യമാക്കിയിട്ടുണ്ട്. വിദ്യാർഥികൾക്ക് ചോദ്യങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആവശ്യമായ സഹായങ്ങൾ അധ്യാപകർ നൽകണമെന്ന് മന്ത്രി നിർദേശിച്ചു.

ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ആർ.കെ. ജയപ്രകാശ്, ഹയർ സെക്കൻഡറി ജോയിന്‍റ് ഡയറക്ടർ ആർ. സുരേഷ്കുമാർ, എസ്.സി.ഇ.ആർ.ടി. റിസർച്ച് ഓഫിസർ രഞ്ജിത് സുഭാഷ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Higher Secondary Sample Questions now on website

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.