ആലുവ: അകക്കണ്ണിന്റെ വെളിച്ചത്തിൽ സിവിൽ സർവിസ് മോഹത്തിലേക്ക് ചുവടുവെച്ച് ഐബിനും മനോജും. സ്വന്തമായി എസ്.എസ്.എൽ.സി പരീക്ഷ എഴുതി എല്ലാ വിഷയത്തിനും എ പ്ലസ് നേടിയിരിക്കുകയാണ് കാഴ്ച പരിമിതരായ ഇരുവരും.
സയൻസ് വിഷയങ്ങളാണ് ഇരുവർക്കും താൽപര്യം. ഉപരിപഠനം ആ നിലയിൽ തുടർന്ന് സിവിൽ സർവിസിലേക്ക് എത്താനാണ് ലക്ഷ്യമിടുന്നത്. കുട്ടമശ്ശേരി ഗവ. ഹൈസ്കൂൾ വിദ്യാർഥികളായ ഇരുവരും ബ്രെയിൽ സിസ്റ്റവും കമ്പ്യൂട്ടറും ഉപയോഗിച്ച് പഠിച്ച് സ്വന്തം നിലയിലാണ് പരീക്ഷ എഴുതിയത്. ഇവർക്ക് പരീക്ഷ എഴുതുന്നതിന് കുട്ടമശ്ശേരി സ്കൂളിൽ പ്രത്യേകമായി പരീക്ഷ മുറിയും തയാറാക്കിയിരുന്നു.
ചോദ്യപേപ്പർ പ്രത്യേകമായി നിയോഗിച്ചിട്ടുള്ള അധ്യാപകൻ വായിച്ചുകൊടുത്തു. ഇതുകേട്ട് ബ്രെയിൻ ലിപി ഉപയോഗിച്ച് ലാപ്ടോപ്പിൽ ഉത്തരങ്ങൾ എഴുതുകയായിരുന്നു. തിരുവനന്തപുരത്തെ ചക്ഷുമതി എന്ന സ്ഥാപനത്തിലെ റാം കമലാണ് ഇവർക്ക് കമ്പ്യൂട്ടറിൽ പരിശീലനം നൽകിയത്. പഠനത്തോടൊപ്പം മറ്റുകാര്യങ്ങളിലും മികവ് പുലർത്തുന്ന ഇരുവരും 2019 മാർച്ചിൽ ആലുവ പെരിയാർ നീന്തിക്കടന്നിരുന്നു. നാലാം വയസ്സിലുണ്ടായ അപകടത്തെ തുടർന്നാണ് ഐബിന്‍ കാഴ്ച നഷ്ടപ്പെട്ടത്.
കീഴ്മാട് അജന്ത സ്വദേശി സി.എം. തോമസ്- ബിനി ഐപ്പ് എന്നിവരുടെ ഏകമകനാണ് ഐബിൻ. കുട്ടമശ്ശേരി സ്വദേശികളായ രമേശ്-സുധ ദമ്പതികളുടെ മകനാണ് മനോജ്. ജന്മന കാഴ്ചപരിമിതനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.