തിരുവനന്തപുരം: പ്രളയക്കെടുതിയിൽ നഷ്ടമായത് രണ്ട് ലക്ഷത്തോളം സ്കൂൾ പാഠപു സ്തകങ്ങളെന്ന് പ്രാഥമിക കണക്കുകൾ. ആലപ്പുഴ, ഇടുക്കി, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് കൂടുതൽ വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങൾ നഷ്ടമായത്. കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിൽ ഏഴര ലക്ഷത്തോളം പാഠപുസ്തകങ്ങളാണ് നഷ്ടമായത്. ഇൗ വർഷം നഷ്ടപ്പെട്ട പാഠപുസ്തകങ്ങൾക്ക് പകരം പുതിയത് വിദ്യാഭ്യാസ വകുപ്പ് സൗജന്യമായി നൽകും. ഇവയുടെ വിതരണം തിങ്കളാഴ്ച ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു.
നിലവിൽ സ്റ്റോക്കുള്ള പുസ്തകങ്ങളാണ് ഇതിനായി ഉപേയാഗിക്കുന്നത്. മുഴുവൻ ജില്ലകളിൽനിന്നും സ്റ്റോക്കുള്ള പുസ്തകങ്ങളുടെ കണക്ക് ശേഖരിച്ച് ആവശ്യമുള്ള ജില്ലകളിലേക്ക് എത്തിക്കാൻ നടപടികൾ പൂർത്തിയായിവരുന്നു. കൊല്ലം ജില്ലയിൽ 36,000, തിരുവനന്തപുരത്ത് 27,000 പാഠപുസ്തകങ്ങൾ സ്റ്റോക്കുണ്ട്. കൊല്ലത്തുനിന്നുള്ള പുസ്തകങ്ങൾ ആലപ്പുഴയിൽ വിതരണം ചെയ്യും. തിരുവനന്തപുരത്തേത് ഇടുക്കി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ എത്തിക്കും. മലപ്പുറത്ത് സ്റ്റോക്കുള്ള പാഠപുസ്തകങ്ങൾ അവിടെ വിവിധ കേന്ദ്രങ്ങളിൽ എത്തിച്ചു. നിലമ്പൂർ മേഖലയിലേക്ക് പാലക്കാട് ജില്ലയിൽ അധികമുള്ള പാഠപുസ്തകങ്ങളാണ് എത്തിക്കുക. കോഴിക്കോട് ജില്ലയിൽ സ്റ്റോക്കുള്ള പുസ്തകങ്ങൾ ജില്ലയിലെ പ്രദേശങ്ങളിൽ വിതരണം ചെയ്യും. കണ്ണൂരിൽ അധികമുള്ള പുസ്തകങ്ങൾ ജില്ലയിൽ പുസ്തകങ്ങൾ നഷ്ടമായവർക്കും വയനാട്ടിലും എത്തിക്കും. പുസ്തകങ്ങൾ ആവശ്യമായി വരുന്ന മറ്റ് മേഖലകളിലേക്ക് കെ.ബി.പി.എസിൽനിന്ന് എത്തിക്കും.
പ്രകൃതിക്ഷോഭത്തിൽ കുട്ടികൾക്ക് നഷ്ടമായ പഠന സാമഗ്രികളുടെ കണക്ക് ശേഖരിച്ച് അവ ഉടൻ എത്തിക്കാൻ സമഗ്രശിക്ഷ കേരളയെ വിദ്യാഭ്യാസ വകുപ്പ് ചുമതലപ്പെടുത്തിയീട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.