കേരളത്തിലെ വിവിധ സർക്കാർ/സ്വാശ്രയ മെഡിക്കൽ കോളജുകളിലും തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലും മെഡിക്കൽ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ ലഭ്യമായ എല്ലാ സ്റ്റേറ്റ് ക്വോട്ട സീറ്റുകളിലേക്കും 2024-25 വർഷത്തെ പ്രവേശനത്തിന് www.cee.kerala.gov.in-ൽ ഒക്ടോബർ ഏഴ് വൈകീട്ട് നാലു മണി വരെ ഓൺലൈനായി അപേക്ഷികാം. നീറ്റ്-പി.ജി 2024ൽ യോഗ്യത നേടിയവർക്കാണ് അവസരം. പ്രായപരിധിയില്ല. വിജ്ഞാപനം വെബ്സൈറ്റിലുണ്ട്.
യോഗ്യത: അംഗീകൃത എം.ബി.ബി.എസ് ബിരുദവും മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുണ്ടായിരിക്കണം. 2024 ആഗസ്റ്റ് 15 നകം ഒരു വർഷത്തെ ഇന്റേൺഷിപ് പൂർത്തിയാക്കിയിട്ടുണ്ടാവണം.
മെഡിക്കൽ എജുക്കേഷൻ സർവിസ് ക്വോട്ടയിലേക്ക് 49 വയസ്സ്, ഹെൽത്ത്/ഇൻഷുറൻസ് മെഡിക്കൽ സർവിസ് ക്വോട്ടയിലേക്ക് 47 വയസ്സ് എന്നിങ്ങനെയാണ് പ്രായപരിധി. അപേക്ഷ ഫീസ് 1000 രൂപ. പട്ടിക വിഭാഗങ്ങൾക്ക് 500 രൂപ. ഓൺലൈനായി ഫീസ് അടക്കാം.
അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ പ്രോസ്പെക്ടസിലുണ്ട്. നീറ്റ് പി.ജി 2024 അടിസ്ഥാനത്തിൽ സംസ്ഥാന പ്രവേശന പരീക്ഷ കമീഷണർ തയാറാക്കുന്ന മെറിറ്റ് ലിസ്റ്റിൽനിന്നുമാണ് പൊതു കൗൺസലിങ് വഴി പ്രവേശനം നടത്തുക.
കേന്ദ്രീകൃത അലോട്ട്മെന്റ് നടപടികൾ പ്രോസ്പെക്ടസിൽ ലഭ്യമാണ്. അലോട്ട്മെന്റിന് അർഹരായവർക്ക് യഥാസമയം ഡേറ്റ ഷീറ്റ് വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം.
ഡെന്റൽ പി.ജി രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ്
നീറ്റ് എം.ഡി.എസ് പ്രവേശന യോഗ്യത, മാനദണ്ഡത്തിൽ കേന്ദ്ര സർക്കാർ ഈ വർഷം വരുത്തിയ ഇളവിനെ തുടർന്ന് സംസ്ഥാനത്തെ ഡെന്റൽ പി.ജി കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പുതുക്കിയ മാനദണ്ഡപ്രകാരം അർഹതയുള്ളവർക്ക് പ്രവേശനത്തിന് അവസരം. ഇതിനായി പ്രവേശന പരീക്ഷ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.in ൽ ഒക്ടോബർ ആറ് രാത്രി 11.59 മണിവരെ ഓൺലൈനായി അപേക്ഷിക്കാം. നേറ്റിവിറ്റി, ജനനത്തീയതി, കമ്യൂണിറ്റി/കാറ്റഗറി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും (ബാധകമായവർ മാത്രം) ഓൺലൈൻ അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം.
സ്ട്രേ വേക്കൻസി ഫില്ലിങ് അലോട്ട്മെന്റിനുശേഷം ഡെന്റൽ കോളജുകളിൽ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലേക്ക് മാത്രമായിരിക്കും പുതുതായി യോഗ്യത നേടിയ വിദ്യാർഥികളെ പരിഗണിക്കുന്നത്. വിവരങ്ങൾ വെബ്സൈറ്റിലുണ്ട്. ഹെൽപ് ലൈൻ നമ്പർ 0471-2525300.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.