തിരുവനന്തപുരം: നിയമന അധികാരിയായ ഗവർണർ രൂപീകരിക്കേണ്ട വി.സി നിയമനത്തിനുള്ള സെർച്കമ്മിറ്റി സർക്കാർ രൂപീകരിച്ച് ഉത്തരവ് ഇറക്കിയത് പുതിയ നിയമക്കുരുക്കിലൂടെ വി.സി നിയമനം, ഗവർണറുടെ കാലാവധി കഴിയുന്നതുവരെ നീട്ടുക എന്ന ലക്ഷ്യം വച്ചാണെന്ന് സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി. കേരളത്തിലെ യൂനിവേഴ്സിറ്റികളിലെ വി.സി മാരുടെ ഒഴിവുകൾ ഉടനടി നികത്താൻ ഗവർണർക്ക് നിർദേശം നൽകണമെന്ന പ്രഫ. മേരി ജോർജ് ഫയൽ ചെയ്ത ഹരജി നാളെ കോടതി പരിഗണിക്കാനിരിക്കെ പുതിയ ഉത്തരവിറക്കിയത്.
സർക്കാരിന് വി.സി മാരുടെ നിയമനം വൈകിക്കുന്നതിന് ഒരു പുതിയ ന്യായം കണ്ടെത്താനാണ് സർക്കാരിന്റെ തിരക്കിട്ട ശ്രമം. നാളിതുവരെയുള്ള വ്യവസ്ഥകൾ ലംഘിച്ചാണ് വിചിത്ര ഉത്തരവ് പുറപ്പെടുവിച്ചതെന്നും സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ പ്രസ്താവനിയിൽ അറിയിച്ചു.
സർവകലാശാലകളുടെ ഭരണത്തിൽ സർക്കാർ ഇടപെടുന്നത് ഒഴിവാക്കാനാണ് ഗവർണറെ ചാൻസലർ പദവിയിൽ വച്ചുള്ള നിയമ നിർമാണം നടത്തിയിട്ടുള്ളത്. ചാൻസലറുടെ അധികാരത്തിൽ ബാഹ്യശക്തികളുടെ ഇടപെടൽ പാടില്ല എന്ന് സുപ്രീം കോടതി കണ്ണൂർ വി.സി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം റദ്ദാക്കിയ സുപ്രധാന വിധിയിൽ വ്യക്തമാക്കി. നിയമന അധികാരിയായ ചാൻസലർക്ക് മാത്രമേ സെലെക്ഷൻ കമ്മിറ്റി രൂപീകരിക്കാൻ അധികാരമുള്ളൂവെന്ന് ഇതോടെ വ്യക്തമാണ്. മുമ്പ് മലയാളം സർവകലാശാല വി.സി നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ നോമിനിയെ നൽകാൻ സർക്കാർ ആവശ്യപ്പെട്ടെങ്കിലും അത് നിയമവിരുദ്ധമായതിനാൽ രാജ്ഭവൻ ആ ആവശ്യം നിരസിച്ചതാണ്.
കഴിഞ്ഞ കാലത്ത് പല വൈസ് ചാൻസലർ നിയമനങ്ങളും കോടതി കയറിയത് സർക്കാരിന്റെ നോമിനികളെ തിരുകി കയറ്റാൻ നടത്തിയ നിയമ വിരുദ്ധ ഇടപെടലുകൾ ആയിരുന്നുവെന്ന് ചാൻസലർ വിശ്വസിക്കുന്നു. അതുകൊണ്ട് ഇത്തവണ അത്തരം ഇടപെടലുകൾക്ക് വഴങ്ങേണ്ട എന്നാണ് ചാൻസലറുടെ തീരുമാനം. നിയമനങ്ങൾ തുടക്കം മുതൽ അസാധുവാണെന്ന് കോടതി കണ്ടെത്തിയപ്പോൾ അത് നിയമനധികാരിയായ ചാൻസലറുടെ പിടിപ്പ് കേടാണെന്നു വരുത്തിതീർക്കാനാണ് സർക്കാർ ശ്രമിച്ചത് എന്നതും ഗവർണറുടെ അപ്രീതിക്കു കാരണമായി. നിയമന അധികാരി തന്നെയാണ് സെലെക്ഷൻ കമ്മിറ്റി രൂപീകരിക്കേണ്ടതെന്ന് പകൽ പോലെ വ്യക്തമാണെങ്കിലും പേരിനു ഒരു കമ്മിറ്റി രൂപീകരിച്ചതായി കാണിച്ചു കോടതി കയറി വിസി നിയമനങ്ങൾ അനന്തമായി നീട്ടിക്കൊണ്ട് പോവുക എന്നതാണ് സർക്കാരിന്റെ തന്ത്രം.
അതേ സമയം, കേരള വി.സി നിയമനത്തിൽ നിയമാനുസരണം സേർച്ച് കമ്മിറ്റി രൂപീകരിക്കാൻ ഗവർണർക്ക് അനുമതി നൽകികൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്. യു.ജി.സിയുടെ 2018 റെഗുലേഷൻ പ്രകാരം യു.ജി.സി നോമിനി യെ ഉൾപ്പെടുത്തി അക്കാദമിക് മേഖലയിലുള്ളവരെ മാത്രം ഉൾപ്പെടുത്തി സേർച്ച് കമ്മിറ്റി രൂപീകരി ക്കാൻ വ്യവസ്ഥ ചെയ്യുന്നു. അതനുസരിച്ച് ഗവർണർ സെർച്കമ്മിറ്റി രൂപീകരിക്കുമെന്നത് കൊണ്ടാണ് സർക്കാർ സ്വയം സേർച്ച് കമ്മിറ്റി രൂപീകരിച്ചുകൊണ്ട് ഉത്തരവിറക്കിയത്.
കേരളയിൽ സെനറ്റ് നോമിനിയുടെ പേര് യൂനിവേഴ്സിറ്റി നൽകുന്ന മുറക്ക് സേർച്ച് കമ്മിറ്റിയിലുൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ച ഗവർണരുടെ നടപടിയെചോദ്യം ചെയ്ത സർക്കാരാണ് ഇപ്പോൾ കമ്മിറ്റി അംഗങ്ങളുടെ പേരുകൾ ഒന്നും കൂടാതെ സേർച്ച് കമ്മിറ്റി രൂപീകരിച്ച വിചിത്ര ഉത്തരവ് ഇറക്കിയത് .
ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ പ്രതിനിധിയെയും സർക്കാരിന്റെ രണ്ട് പ്രതിനിധികളെയും ഉൾപ്പെടുത്തുമെന്ന നിയമസഭ പാസാക്കിയ രാഷ്‌ട്രപതി അംഗീകാരം തടഞ്ഞുവച്ചിട്ടുള്ള ബില്ലിലെ വ്യവസ്ഥകളനുസരിച്ചാണ് സർക്കാർ ഇപ്പോൾ സേർച്ച് കമ്മിറ്റി രൂപീ പീകരിച്ചത്. ഇത് നിയമ വിരുദ്ധമാണെന്ന പൂർണ ബോധ്യത്തിൽ തന്നെയാണ് സർക്കാർ ഉത്തരവ്.
ഗവർണർ സെർച്കമ്മിറ്റി രൂപീകരിച്ചാൽ അതിനെ കോടതിയിൽ ചോദ്യം ചെയ്യുകയാണ് സർക്കാർ ലക്ഷ്യമെന്നും സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.