ന്യൂഡൽഹി: 5,000 അധ്യാപകരുടെ സ്ഥലം മാറ്റ വിവാദത്തിൽ ആംആദ്മി പാർട്ടി സർക്കാറിന് രാഷ്ട്രീയ വിജയം. അതിഷി മർലേനയുടെ നിർദേശം അവഗണിച്ച് 5,000 അധ്യാപകരെ സ്ഥലംമാറ്റാനുള്ള നീക്കം ലഫ്റ്റനന്റ് ഗവർണർക്ക് റദ്ദാക്കേണ്ടി വന്നതാണ് ബി.ജെ.പിക്ക് മേലുള്ള ആപ് സർക്കാറിന്റെ വിജയമായത്.
സ്ഥലം മാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി വിദ്യാഭ്യാസ മന്ത്രി അതിഷി മർലേനയാണ് ആദ്യം രംഗത്തുവന്നത്. എന്നാൽ, ബി.ജെ.പി നേതാക്കൾ മുഖേന അധ്യാപകർ ലഫ്റ്റനന്റ് ഗവർണർ വി.കെ സക്സേനയെ കണ്ടത് കൊണ്ടാണ് സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കിയതെന്ന് വരുത്താൻ നോക്കുകയാണ് ലഫ്റ്റനന്റ് ഗവർണറും ബി.ജെ.പിയും.
ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് അധ്യാപകരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ ബി.ജെ.പി ശ്രമിക്കുകയാണെന്ന ആം ആദ്മി പാർട്ടിയുടെ ആരോപണത്തിന് പിന്നാലെയാണ് ലഫ്. ഗവർണർ ഇടപെട്ട് സ്ഥലംമാറ്റം റദ്ദാക്കിയത്. മന്ത്രിയുടെ ഉത്തരവ് അവഗണിച്ച് സ്ഥലംമാറ്റ നടപടിയുമായി മുന്നോട്ടുപോയ വിദ്യാഭ്യാസ ഡയറക്ടർക്ക് ഡൽഹി സർക്കാർ കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.
ജൂൺ 11നാണ് അധ്യാപകരുടെ സ്ഥലം മാറ്റത്തിനായി ഓൺലൈൻ അപേക്ഷ ക്ഷണിച്ച് വിദ്യാഭ്യാസ വകുപ്പ് സർക്കുലർ ഇറക്കിയത്. ഒരേ സ്കൂളിൽ 10 വർഷം പൂർത്തിയാക്കുന്ന അധ്യാപകർ നിർബന്ധമായും സ്ഥലം മാറ്റത്തിന് അപേക്ഷിക്കണമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുഷിത ബിജു സർക്കുലറിൽ നിർദേശിച്ചിരുന്നു. അധ്യാപകർ അപേക്ഷിക്കാത്ത പക്ഷം വകുപ്പ് തീരുമാനിക്കുന്ന സ്ഥലങ്ങളിലേക്ക് മാറേണ്ടിവരുമെന്നും സർക്കുലറിൽ പറഞ്ഞിരുന്നു.
എന്നാൽ 10 വർഷം സേവനം എന്നത് മാത്രം സ്ഥലംമാറ്റത്തിന് മാനദണ്ഡമാക്കരുതെന്നും നടപടി റദ്ദ് ചെയ്യണമെന്നും വിദ്യാഭ്യാസ മന്ത്രി അതിഷി മർലേന അന്നു തന്നെ നിർദേശിച്ചു. ഇത് അവഗണിച്ച വകുപ്പ് ജൂലൈ അഞ്ചിന് അർധരാത്രി കൂട്ടസ്ഥലംമാറ്റത്തിന് ഉത്തരവിറക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.