സംസ്ഥാനത്തെ വിദ്യാർഥികളില്‍ മാതൃഭാഷാ ജ്ഞാനം കുറവ്; എൻ.സി.ഇ.ആര്‍.ടി സര്‍വേ റിപ്പോര്‍ട്ട്

സംസ്ഥാനത്തെ മൂന്നാം ക്ലാസ് വിദ്യാർഥികളില്‍ പകുതിയില്‍ അധികം പേര്‍ക്കും മലയാളം വായിക്കാനോ ശരിയായി മനസിലാക്കാനോ സാധിക്കുന്നില്ലെന്ന് എൻ.സി.ഇ.ആര്‍.ടി സര്‍വേ റിപ്പോര്‍ട്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി ചേര്‍ന്ന് 'നിപുണ്‍ മിഷ'ന്റെ ഭാഗമായാണ് എൻ.സി.ഇ.ആര്‍.ടി സര്‍വേ നടത്തിയത്. അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള കേന്ദ്ര പദ്ധതിയാണ് നിപുണ്‍ മിഷന്‍. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 104 സ്‌കൂളുകളില്‍ 1061 വിദ്യാർഥികളിലാണ് സര്‍വേ നടത്തിയത്.

റിപ്പോർട്ടുപ്രകാരം, കേരളത്തിലെ മൂന്നാം ക്ലാസ് വിദ്യാർഥികളിൽ 16 ശതമാനം പേർക്ക് മാത്രമാണ് മലയാളത്തിൽ ശരാശരിക്കുമുകളിൽ പ്രാവീണ്യമുള്ളത്. ഈ കുട്ടികള്‍ക്ക് ഒരു മിനിറ്റില്‍ 51 വാക്കുകളോ അതില്‍ കൂടുതലോ തെറ്റില്ലാതെ വായിക്കാനും മനസിലാക്കാനും കഴിഞ്ഞു. സര്‍വേയില്‍ പങ്കെടുത്ത 28 ശതമാനം കുട്ടികള്‍ ശരാശരിക്ക് അടുത്ത പ്രകടനം കാഴ്ചവെച്ചു. അവര്‍ക്ക് ഒരു മിനിറ്റില്‍ 28 മുതല്‍ 50 വാക്കുകള്‍ വരെ വായിക്കാനും മനസിലാക്കാനും സാധിച്ചു.

ബാക്കിയുള്ള 56 ശതമാനം കുട്ടികള്‍ക്കും മലയാളം ശരിയായി വായിക്കാനോ മനസിലാക്കാനോ സാധിച്ചില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ കുട്ടികളില്‍ 17 ശതമാനം പേര്‍ക്ക് ഒരു മിനിറ്റില്‍ പത്തില്‍ കൂടുതല്‍ വാക്കുകള്‍ വായിക്കാനും മനസിലാക്കാനും സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഈ കുട്ടികള്‍ക്ക് അടിസ്ഥാന അറിവ് വളരെ കുറവാണ്. അതിനാല്‍ പഠനവുമായി ബന്ധപ്പെട്ട അടിസ്ഥാന ഗ്രേഡ് ലെവല്‍ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ലെന്നും സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും വിദ്യാർഥികൾക്ക് പ്രാദേശിക ഭാഷാ പ്രാവീണ്യം കുറവാണ്. അസമിലെ 67 ശതമാനം വിദ്യാർഥികൾക്ക് അസമീസ് ഭാഷയിൽ മെച്ചപ്പെട്ട പ്രകടനം നടത്താൻ കഴിഞ്ഞില്ല. മേഘാലയയിലെ 61 ശതമാനം പേർക്ക് ഖാസിയിലും മണിപ്പുരിലെ 54 ശതമാനം വിദ്യാർഥികൾക്ക് മണിപ്പുരിയിലും 59 ശതമാനം ഗോവൻ വിദ്യാർഥികൾക്ക് കൊങ്കിണിയിലും മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല. രാജ്യത്തെ 10,000 സ്കൂളുകളിൽനിന്നുള്ള 86,000 മൂന്നാംക്ലാസ് വിദ്യാർഥികളാണ് സർവേയിൽ പങ്കെടുത്തത്. സർക്കാർ സ്കൂളുകൾ, സർക്കാർ-എയ്ഡഡ് സ്കൂളുകൾ, സ്വകാര്യ അംഗീകൃത, കേന്ദ്രസർക്കാർ സ്കൂളുകൾ എന്നിവ ഉൾപ്പെടെയാണിത്.



Tags:    
News Summary - Lack of mother tongue knowledge among students in the state; NCERT Survey Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.