പാചകകലയിൽ അഥവാ കളിനറി ആർട്സിൽ റഗുലർ ബി.ബി.എ, എം.ബി.എ കോഴ്സുകൾ പഠിക്കാൻ തിരുപ്പതിയിലും നോയ്ഡയിലുമുള്ള ഇന്ത്യൻ കളിനറി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണിത്. ഇന്ദിരഗാന്ധി നാഷനൽ ട്രൈബൽ യൂനിവേഴ്സിറ്റി (ഐ.ജി.എൻ.ടി.യു) ബിരുദങ്ങൾ സമ്മാനിക്കും.
കളിനറി സ്റ്റുഡിയോ, സ്മാർട്ട് ക്ലാസ് റൂമുകൾ, പ്രത്യേകം സജ്ജീകരിച്ച കിച്ചനുകൾ, മൈക്രോബയോളജി ലാബുകൾ അടക്കം മികച്ച പഠനസൗകര്യങ്ങളാണ് ഇവിടെയുള്ളത്. പഠിച്ചിറങ്ങുന്നവർക്ക് നക്ഷത്ര ഹോട്ടലുകൾ, ഫ്ലൈറ്റ് കിച്ചനുകൾ, ഹോസ്പിറ്റാലിറ്റി സർവിസുകൾ എന്നിവിടങ്ങളിലും മറ്റും മാനേജ്മെന്റ് ട്രെയിനി/എക്സിക്യൂട്ടിവ്/ഷെഫ്/മാനേജർ മുതലായ തസ്തികകളിൽ ജോലിസാധ്യതയുണ്ട്.
ബി.ബി.എ (കളിനറി ആർട്സ്): തിരുപ്പതിയിലും നോയ്ഡയിലും കോഴ്സുണ്ട്. കാലാവധി മൂന്നുവർഷം (ആറ് സെമസ്റ്ററുകൾ). ഓരോ കാമ്പസിലും 120 സീറ്റ്. ഫുഡ് പ്രൊഡക്ഷൻ, ഫുഡ് ഹാൻഡ്‍ലിങ്, ഹൈജീൻ ആൻഡ് ഫുഡ് സേഫ്റ്റി, കിച്ചൻ മാനേജ്മെന്റ് മുതലായ വിഷയങ്ങൾ പഠിപ്പിക്കും.
യോഗ്യത: ഹയർ സെക്കൻഡറി/പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷ 45 ശതമാനം മാർക്കിൽ കുറയാതെ ജയിച്ചിരിക്കണം. പട്ടികജാതി/വർഗം, ഭിന്നശേഷി വിഭാഗങ്ങളിൽ പെടുന്നവർക്ക് 40 ശതമാനം മാർക്ക് മതി. ഫൈനൽ യോഗ്യതാ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. സെപ്റ്റംബർ 30നകം യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.
സി.യു.ഇ.ടി (യു.ജി) 2024 സ്കോർ അല്ലെങ്കിൽ ഐ.ജി.എൻ.ടി.യു-ഐ.സി.ഐ ജെ.ഇ.ഇ (യു.ജി) 2024 യോഗ്യത നേടണം. സെമസ്റ്റർ ട്യൂഷൻ ഫീസ് 75,000 രൂപ. മെസ് ഉൾപ്പെടെ സെമസ്റ്റർ ഹോസ്റ്റൽ ഫീസ് 30,000 രൂപ.
എം.ബി.എ (കളിനറി ആർട്സ്): തിരുപ്പതിയിലും നോയ്ഡയിലുമാണ് പഠനാവസരം. ഓരോ കാമ്പസിലും 30 സീറ്റുകൾ. യോഗ്യത: 45 ശതമാനം മാർക്കിൽ കുറയാതെ ബിരുദം. എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് 40 ശതമാനം മാർക്ക് മതി. ഫൈനൽ ഡിഗ്രി പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. സി.യു.ഇ.ടി (പി.ജി) 2024 അല്ലെങ്കിൽ ഐ.ജി.എൻ.ടി.യു-ഐ.സി.ഐ ജെ.ഇ.ഇ (പി.ജി) 2024 യോഗ്യത നേടണം. സെമസ്റ്റർ ട്യൂഷൻ ഫീസ് 70,000/75000 രൂപ. മെസ് ഉൾപ്പെടെ സെമസ്റ്റർ ഹോസ്റ്റൽ ഫീസ് 30,000 രൂപ.
പ്രവേശന വിജ്ഞാപനവും വിശദവിവരങ്ങളടങ്ങിയ ബുള്ളറ്റിനും www.icitirupati.inൽനിന്ന് ഡൗൺലോഡ് ചെയ്യാം.
ഓൺലൈനായി മേയ് 25വരെ അപേക്ഷിക്കാം. ജെ.ഇ.ഇ (യു.ജി/പി.ജി) മേയ് 26ന് രാവിലെ 11 മുതൽ ഉച്ചക്ക് ഒരുമണിവരെ നടത്തും. മേയ് 31ന് ഫലമറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.